സഞ്ജുവിന് ധോണി കൊടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ്, ചെന്നൈ കരുത്ത് കാട്ടിയതിങ്ങനെ

തേഡ് ഐ – കമാല്‍ വരദൂര്‍

വളരെ കൂളായി രാജസ്ഥാന്‍ റോയല്‍സ് തല താഴ്ത്തി. 45 റണ്‍സിന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പതിനാലാം സീസണിലെ ഏറ്റവും ഏകപക്ഷീയ വിജയവുമായി മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് കരുത്ത് കാട്ടി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സംഘം നേടിയ 188 ലെത്താന്‍ ഒരു വേള പോലും രാജസ്ഥാനായില്ല. 143 ല്‍ രാജസ്ഥാന്‍ പോരാട്ടം അവസാനിപ്പിച്ചു. ജോസ് ബട്ലര്‍ ക്രീസിലുള്ളപ്പോള്‍ മാത്രം ഒന്ന് വിറച്ചിരുന്നു ചെന്നൈക്കാര്‍. 35 പന്തില്‍ 49 റണ്‍സ് നേടിയ ഇംഗ്ലീഷുകാരനെ രവീന്ദു ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ എല്ലാം പെട്ടെന്നങ്ങ് തീര്‍ന്നു.

നായകന്‍ സഞ്ജു സാംസണ്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. അഞ്ച് പന്തില്‍ ഒരു റണ്‍ മാത്രം നേടിയ നായകന്‍ സാം കറന്റെ പന്തില്‍ ഡ്വിന്‍ ബ്രാവോക്ക് നല്‍കിയത് ഏറ്റവും സുന്ദരമായ ക്യാച്ച്. പിന്നെ അല്‍പ്പസമയം പൊരുതിയത് ഓള്‍റൗണ്ടര്‍ ശിവം ദുബെ. വാംഖഡെയില്‍ പിന്നെ കണ്ടത് സ്പിന്‍ വാഴ്ച്ചയായിരുന്നു.

ജഡേജയും മോയിന്‍ അലിയും ചേര്‍ന്ന് റോയല്‍സ് ബാറ്റ്സ്മാന്മാരെ അതിവേഗതയില്‍ പറഞ്ഞയച്ചു. രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്റെ വിജയ ശില്‍പ്പികളായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഡേവിഡ് മില്ലറും ക്രിസ് മോറിസും മോയിന്‍ അലിയുടെ സ്പിന്നിനെ ബഹുമാനിച്ചു. 2 റണ്‍സ് നേടിയ മില്ലര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ മോറിസ് രണ്ട് പന്തില്‍ പൂജ്യനായി. 7 റണ്‍സിന് മൂന്ന് വിക്കറ്റാണ് മോയിന്‍ നേടിയത്.

ചെന്നൈ നിരയില്‍ ആരും വലിയ സ്‌ക്കോര്‍ നേടിയില്ല. പക്ഷേ മുന്‍നിരക്കാര്‍ ശരാശരി കാത്തതിനാലാണ് സ്‌ക്കോര്‍ 188 ലെത്തിയത്. ഓപ്പണര്‍ ഫാഫ് ഡുപ്ലസിയായിരുന്നു ടോപ് സ്‌ക്കോറര്‍. 17 പന്തില്‍ 33 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാമനായി വന്ന മോയിന്‍ അലിയും മോശമാക്കിയില്ല. രണ്ട് കിടിലന്‍ സിക്സറുകള്‍ ഉള്‍പ്പെടെ 26 റണ്‍സ്. സുരേഷ് റൈനയും (18), അമ്പാട്ട് റായിഡുവും (27) ഒരുമിച്ചപ്പോള്‍ റോയല്‍സ് ഭയന്നു. പക്ഷേ യുവ സീമര്‍ ചേതന്‍ സക്കറിയ റായിഡുവിനെയും പിറകെ വന്ന നായകന്‍ എം.എസ് ധോണിയെയും മടക്കി.

ആദ്യ മല്‍സരങ്ങളിലൊന്നും മിന്നാന്‍ കഴിയാതിരുന്ന ധോണി 18 റണ്‍സാണ് നേടിയത്. ഡ്വിന്‍ ബ്രാവോ പുറത്താവാതെ 20 റണ്‍സ് സ്വന്തമാക്കി. റോയല്‍സ് നിരയില്‍ ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

കടപ്പാട്: ചന്ദ്രിക ദിനപത്രം

 

You Might Also Like