പുതിയ പരിശീലകന്റെ കാര്യത്തിൽ ചെൽസിയുടെ അപ്രതീക്ഷിത നീക്കം, അമ്പരന്ന് ആരാധകർ

ഈ സീസണിൽ രണ്ടു പരിശീലകരെയാണ് ചെൽസി പുറത്താക്കിയത്. കൃത്യമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നതു കൊണ്ട് ടോഡ് ബോഹ്‍ലി ആദ്യം തോമസ് ടുഷെലിനെ പുറത്താക്കി. അതിനു ശേഷം ടീമിലേക്കെത്തിയ ഗ്രഹാം പോട്ടർക്ക് ഒരുപാട് അവസരങ്ങൾ നൽകിയിട്ടും ടീമിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നതിനാൽ ദിവസങ്ങൾക്ക് മുൻപ് അദ്ദേഹവും പുറത്തായി.

നിലവിൽ മുൻ അസിസ്റ്റന്റ് പരിശീലകനായ ബ്രൂണോ സാൾട്ടയറാണ് താൽക്കാലികമായി ചെൽസി ടീമിനെ പരിശീലിപ്പിക്കുന്നത്. അതേസമയം പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കങ്ങൾ ചെൽസി നടത്തുന്നുണ്ട്. എന്നാൽ എടുത്തു പിടിച്ച് ഒരു തീരുമാനം എടുക്കാതെ വ്യക്തമായ പദ്ധതികളോടെ മുന്നോട്ടു നീങ്ങാൻ വേണ്ടി ഈ സീസൺ കഴിയുന്നത് വരെ ഒരു പരിശീലകനെ നിയമിക്കാനാണ് ചെൽസിയുടെ പദ്ധതി.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ മുൻ താരവും പരിശീലകനുമായിരുന്ന ഫ്രാങ്ക് ലാംപാർഡിനെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ചെൽസിക്കുള്ളത്. ജനുവരിയിൽ എവർട്ടൺ പുറത്താക്കിയതിന് ശേഷം മറ്റൊരു ക്ലബ്ബിലേക്ക് ലാംപാർഡ് ചേക്കേറിയിട്ടില്ല. ഈ സീസൺ അവസാനിക്കുന്നതു വരെ അദ്ദേഹത്തെ നിയമിക്കാമെന്നാണ് ചെൽസി കരുതുന്നത്.

2019 മുതൽ 2021 വരെയുള്ള കാലയളവിൽ ചെൽസിയുടെ പരിശീലകനായി ലാംപാർഡ് ഉണ്ടായിരുന്നു. 84 മത്സരങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹത്തിന് കീഴിൽ ചെൽസി മെച്ചപ്പെട്ട പ്രകടനം നടത്താത്തതിനെ തുടർന്ന് പുറത്താക്കപ്പെട്ടു. എവർട്ടണിലും അദ്ദേഹം ശോഭിച്ചില്ല. അതുകൊണ്ടു തന്നെ ഇനി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡുമായുള്ള മത്സരം നടക്കാനിരിക്കെ ലംപാർഡിനെ എത്തിക്കുന്നതിൽ ആരാധകർക്ക് സംശയങ്ങളുണ്ട്.

ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമാണ് ലംപാർഡിനെ ചെൽസി പരിഗണിക്കുന്നത്. അതിനു ശേഷം മറ്റു പരിശീലകരിലേക്ക് അവർ ശ്രദ്ധ തിരിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം ലൂയിസ് എൻറിക്, ജൂലിയൻ നാഗേൽസ്‌മാൻ, മൗറീസിയോ പോച്ചട്ടിനോ, ലൂസിയാനോ സ്‌പല്ലെറ്റി എന്നിവരാണ് ചെൽസിയുടെ റഡാറിലുള്ളത്.

You Might Also Like