ദേശീയ ടീമിനായി മിന്നും പ്രകടനം, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷയായി ചെർണിച്ച്

വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കടന്നു പോകുന്നത്. മികച്ച ഫോമിലായിരുന്നു ടീമിലെ താരങ്ങളെ പരിക്കുകൾ പിടികൂടിയതിനു ശേഷം മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം അഞ്ചാം സ്ഥാനത്തേക്ക് വീണു പോയെങ്കിലും ഇപ്പോഴും പ്ലേ ഓഫിൽ കടക്കാൻ കഴിയുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിനുണ്ട്.

നിലവിൽ മോശം ഫോമിലാണെങ്കിലും പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്. ആ പ്രതീക്ഷകളെ സജീവമാക്കുന്നതാണ് ജനുവരിയിൽ ടീമിലെത്തിയ ലിത്വാനിയൻ താരമായ ഫെഡോർ ചെർണിച്ചിന്റെ തകർപ്പൻ ഫോം. ലിത്വാനിയൻ ദേശീയ ടീമിനൊപ്പം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തി ടീമിനെ വിജയിപ്പിച്ചു.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി വരുന്ന ചെർണിച്ച് ഐഎസ്എല്ലിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ഗോളുകളിൽ പങ്കാളിയായിരുന്നു. അതിനു പിന്നാലെ ലിത്വാനിയക്കു വേണ്ടി ഇറങ്ങിയ താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന മികച്ച പ്രകടനം നടത്തി. വിജയങ്ങളോടെ ലിത്വാനിയ യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫിൽ നിന്നും മുന്നേറുകയും ചെയ്‌തു.

ഇനിയും നാല് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുണ്ട്. അതിലൂടെ ഒന്നുകൂടി ടീമുമായി ഇണങ്ങിച്ചേരാൻ ചെർണിച്ചിന് കഴിയും. അതിനു ശേഷം പ്ലേ ഓഫ് മത്സരങ്ങളിൽ ഈ ഫോം പുറത്തെടുത്താൽ കൊമ്പന്മാർക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയും. പ്ലേ ഓഫ് മത്സരങ്ങൾ ആകുമ്പോഴേക്കും അഡ്രിയാൻ ലൂണ കൂടി തിരിച്ചു വരുമെന്നതിനാൽ ആരാധകർ കൂടുതൽ പ്രതീക്ഷയിലാണ്.

You Might Also Like