ബ്രസീല്‍ കോച്ചായി മൊറീഞ്ഞോ വരുന്നു, രണ്ടും കല്‍പിച്ച് കാനറികള്‍

സാവോപോളോ: ഖത്തര്‍ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബ്രസീല്‍തോറ്റതിന് പിന്നാലെ കോച്ച് ടിറ്റെ രാജിവെച്ച ഒഴിവിലേക്ക് പുതിയ പരിശീലകന്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിറ്റെക്ക് പകരക്കാരനായി പോര്‍ച്ചുഗലില്‍ നിന്നുള്ള ഹോസെ മൊറീഞ്ഞോയെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏജന്റ് ജോര്‍ജേ മെന്‍ഡസെ മുഖേനെയാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് എ.സി റോമയുടെ മാനേജറാണ് 59കാരന്‍.

അതേസമയം, പോര്‍ച്ചുഗല്‍ പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ സാന്റസിന്റെ ഒഴിവിലേക്ക് പോര്‍ച്ചുഗലും മോറീഞ്ഞോയ്ക്കായി ശക്തമായി രംഗത്തുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ നീട്ടാനാണ് ഗ്വാര്‍ഡിയോള തീരുമാനിച്ചത്. ഇതോടെയാണ് മൊറീഞ്ഞോയിലേക്ക് ബ്രസീല്‍ ഫെഡറേഷന്‍ നീക്കം തുടങ്ങിയത്. ക്രിസ്മസ് അവധിക്കാലത്തിയായി മോറീഞ്ഞോ നിലവില്‍ സ്വന്തംനാടായ പോര്‍ച്ചുഗലിലാണുള്ളത്. നേരത്തെ ഇംഗ്ലീഷ് ക്ലബ് ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാന്‍ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മോറീഞ്ഞോ ഇതുവരെ ദേശീയടീം പരിശീലകസ്ഥാനമേറ്റെടുത്തിട്ടില്ല.

അതേസമയം, എ.സി റോമക്ക് മൊറീഞ്ഞോയെ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല. നിലവില്‍ ഇറ്റാലിയന്‍ലീഗില്‍ മികച്ചപ്രകടനമാണ് കഴിഞ്ഞസീസണിലടക്കം മൊറീഞ്ഞ്യോക്ക് കീഴില്‍ ടീം നടത്തിയത്. ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്. റയല്‍മാഡ്രിഡിന് വേണ്ടി ലാലീഗ കിരീടവും ഇന്റര്‍മിലാന് വേണ്ടി സീരി എ, ചെല്‍സിയില്‍ പ്രീമിയര്‍ലീഗ് കിരീടം, ലീഗ് കപ്പ് തുടങ്ങി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ്‌യൂറോപ്പിലെ പ്രധാനക്ലബുകളെയെല്ലാം പരിശീലിപ്പിച്ച അനുഭവസമ്പത്ത് ഗുണംചെയ്യുമെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരുതുന്നത്. ലോകകപ്പിന്റെ ഫേവറേറ്റുകളായി ഖത്തറിലെത്തിയ ടിറ്റെയുടെ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.

You Might Also Like