അമ്പരപ്പിക്കുന്ന ക്രിക്കറ്റ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ, അടിമുടി മാറ്റം
ഓസ്‌ട്രേലിയയിലെ പ്രൊഫഷണല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ പുതിയ നിയമങ്ങള്‍. പുതിയ മൂന്ന് നിയമങ്ങളാണ് ബിഗ് ബാഷ് ലീഗ് കൊണ്ടുവന്നിരിക്കുന്നത്. നിയമങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെങ്കിലും ഇവ ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ആണെന്നും അതിനാല്‍ തന്നെ ഇവ ഒഴിവാക്കപ്പെടേണ്ടതാണെന്നും മറ്റു ചിലരും വാദിക്കുന്നു.
പവര്‍ സര്‍ജ്, എക്‌സ് ഫാക്ടര്‍ പ്ലയര്‍, ബാഷ് ബൂസ്റ്റ് എന്നീ നിയമങ്ങളാണ് വരുന്ന സീസണ്‍ മുതല്‍ ബിഗ് ബാഷില്‍ കാണാനാവുക.
സാധാരണയായി ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ഉണ്ടാവുന്ന 6 ഓവര്‍ പവര്‍പ്ലേ 4 ഓവറാക്കി ചുരുക്കുകയും ബാക്കി വരുന്ന രണ്ട് ഓവര്‍ ബാറ്റിംഗ് ടീമിന് ഇന്നിംഗ്‌സിന്റെ ഏതു സമയത്തും എടുക്കാന്‍ കഴിയുന്നതുമാണ് പവര്‍ സര്‍ജ്. ഈ രണ്ട് ഓവറില്‍ ഫീല്‍ഡിംഗ് ടീമിന് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ സര്‍ക്കിളിനു പുറത്ത് നിര്‍ത്താന്‍ കഴിയൂ.
ടീം ഷീറ്റിലുള്ള 12ആമനോ 13ആമനോ ഇന്നിംഗ്‌സിനിടെ ടീമിലെത്താവുന്ന നിയമമാണ് എക്‌സ് ഫാക്ടര്‍ പ്ലയര്‍. ആദ്യ ഇന്നിംഗ്‌സിലെ 10 ഓവറിനു ശേഷമാണ് ഇങ്ങനെ താരത്തെ ഉള്‍പ്പെടുത്താന്‍ കഴിയുക. ഇനിയും ബാറ്റ് ചെയ്യാത്ത താരത്തിനു പകരമായോ ഒരു ഓവറിലധികം ബൗള്‍ ചെയ്യാത്ത താരത്തിനു പകരമായോ എക്‌സ് ഫാക്ടര്‍ പ്ലയറിനെ ഉള്‍പ്പെടുത്താം.
ബാഷ് ബൂസ്റ്റ് എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിന്റെ 10ആം ഓവറില്‍ നല്‍കുന്ന ബോണസ് പോയിന്റ് ആണ്. ഏത് ടീം ആണോ 10 ഓവറില്‍ എതിര്‍ ടീമിനെക്കാള്‍ മികച്ച സ്‌കോറില്‍ നില്‍ക്കുന്നത്, ആ ടീമിന് ഒരു ബോണസ് പോയിന്റ് ലഭിക്കും