ആ നാണക്കേട് മാറ്റാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ്, ട്രോളുകളുമായി കുത്തിനോവിച്ച് ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടസാധ്യതകൾ ഇല്ലാതായിട്ടുണ്ട്. അതിനേക്കാൾ ആരാധകർക്ക് നിരാശ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങിയതായിരിക്കും. മത്സരത്തിന് മുൻപേ ആരംഭിച്ച വാക്പോരിനു മൈതാനത്ത് മറുപടി നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് കരുതിയെങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചത്.

മത്സരത്തിൽ തോറ്റതോടെ രണ്ടു നാണക്കേടിന്റെ റെക്കോർഡുകൾ ബ്ലാസ്റ്റേഴ്‌സ് ഒപ്പം കൊണ്ടു നടക്കുന്നു. ആദ്യത്തേത് ബെംഗളൂരുവിന്റെ മൈതാനത്ത് ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ലെന്നതാണ്. അതിനു പുറമെ ഐഎസ്എല്ലിൽ രണ്ടു ടീമുകളും ഒരുമിച്ച് വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ഒരിക്കൽപ്പോലും ക്ലീൻഷീറ്റ് നേടാൻ കഴിഞ്ഞിട്ടില്ലെന്നതുമാണ്.

ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയ ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. മത്സരത്തിന് ശേഷം ഉയർത്തിയ പ്രകോപനപരമായ ബാനറിന്റെ അർത്ഥം മനസിലാക്കാൻ സുനിൽ ഛേത്രി ഡിക്ഷനറിയുമായി നിൽക്കുന്നതും, വീണ്ടും വീണ്ടും തോൽവി വഴങ്ങുന്നതിനെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഐഎസ്എൽ കിരീടത്തിന്റെ ചിത്രം എടുക്കുന്നതിനെയുമെല്ലാം അവർ കളിയാക്കുന്നു.

എന്തായാലും ഈ കളിയാക്കളെല്ലാം ബാധിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെയാണ്. ടീമിന് എല്ലാ സീസണിലും ഗംഭീര പിന്തുണ നൽകുന്നുണ്ടെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിലും അതിനുള്ള പ്രതീക്ഷകൾ എല്ലാ രീതിയിലും മങ്ങിയിട്ടുണ്ട്. ഈ പ്രകടനം കൊണ്ട് കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ല.

You Might Also Like