ദ്രാവിഡിനെ ബിസിസിഐ പുറത്താക്കുന്നു, പുതിയ പരിശീലകന്‍ ഉടന്‍

ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ബിസിസിഐ കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണെന്നും ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കക്കെതിരെ ജനുവരിയില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യയുടെ പുതിയ ടി20 നായകനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് പരിശീലകനേയും ബിസിസിഐ പുറത്താക്കുന്നത്. പരിശീലക സ്ഥാനത്തു നിന്ന് ദ്രാവിഡിനെക്കൂടി മാറ്റുന്നതോടെ ജനുവരിയില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റനും പരിശീലകനും കീഴിലാകും കളിക്കുക എന്നകാര്യം ഉറപ്പായി.

ടി20ക്ക് മാത്രമായി പുതിയ പരിശീലകനെ നിയമിക്കുമെങ്കിലും ദ്രാവിഡുമായി സഹകരിച്ചാകും പുതിയ പരിശീലകന്‍ പ്രവര്‍ത്തിക്കുക. ദ്രാവിഡ് പ്രധാനമായും ടെസ്റ്റിലും ഏകദിനത്തിലുമാകും ശ്രദ്ധ ചെലുത്തുക. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി പരമ്പരകളില്‍ കളിക്കുന്നതിനാല്‍ പലപ്പോഴും ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ എല്ലാ പരമ്പരകളുടെയും ഭാഗമാകാന്‍ കഴിയാറില്ല. ഈ സാഹചര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനായ വിവിഎസ് ലക്ഷ്മണാണ് ചില പരമ്പരകളില്‍ പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം പോയിരുന്നത്. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

പുതിയ പരിശീലകനായി ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ആശിഷ് നെഹ്‌റയെയാണ് പരിഗണിക്കുന്നത് എന്നാണ് സൂചന. ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നു പാണ്ഡ്യ.

 

You Might Also Like