സഞ്ജുപ്പടയോട് തോറ്റതിന് പിന്നാലെ കൊല്‍ക്കത്തയ്ക്ക് അടുത്ത തിരിച്ചടി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് അവസാന പന്ത് വരെ വിജയം പ്രതീക്ഷിച്ചിട്ടും അവസാനം പരാജയത്തിലേക്ക് വീണ്ട നിരാശയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പ്. ഇപ്പോഴിതാ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ തേടി മറ്റൊരു തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ്.

മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശ്രേയസിന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയം വഴങ്ങിയത്.

സീസണിലെ ആദ്യ പിഴവായതിനാലാണ് പിഴ 12 ലക്ഷമായി പരിമിതപ്പെടുത്തിയത്. ഇനി ശിക്ഷ ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷം രൂപയായി വര്‍ദ്ധിക്കും. നേരത്തെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനും ഡല്‍ഹി നായകന്‍ റിഷഭ് പന്തിനും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴശിക്ഷ ലഭിച്ചിരുന്നു.

സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാമത്തെ പരാജയമാണിത്. സുനില്‍ നരൈന്റെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജോസ് ബട്‌ലറുടെ സെഞ്ച്വറിയുടെ ബലത്തില്‍ രാജസ്ഥാന്‍ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 224 റണ്‍സെടുത്തത്. 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

You Might Also Like