ഐ ലീഗ് ക്ലബുകളോട് ചിറ്റമ്മനയം, എഐഎഫ്എഫിനെതിരെ ഗോകുലം കേരളയുടെ ആരാധകർ

ഹീറോ സൂപ്പർ ലീഗ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകരായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനവുമായി പങ്കെടുക്കുന്ന ടീമുകളിൽ ഒന്നായ ഗോകുലം കേരളയുടെ ആരാധകസംഘമായ ബറ്റാലിയ. ഐ ലീഗ് ക്ലബുകൾക്ക് വേണ്ടത്ര പരിഗണന നൽകാതെ ചിറ്റമ്മ നയം കാണിക്കുന്ന ഫെഡറേഷന്റെ നയങ്ങൾ ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികളെ സഹായിക്കുന്നില്ലെന്നാണ് അവർ പറയുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ബറ്റാലിയ പുറത്തു വിട്ട പ്രസ്‌താവനയിൽ ഉന്നയിക്കുന്ന ഒരു പരാതി സൂപ്പർകപ്പിന്റെ യോഗ്യത മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്‌തില്ലെന്നതാണ്. ബ്രോഡ്‌കാസ്‌റ്റ് ചെയ്യാനുള്ള എല്ലാ സംവിധാനവും ഉണ്ടായിട്ടും അതിനവർ തയ്യാറായില്ലെന്നും അതേസമയം ജംഷഡ്‌പൂർ എഫ്‌സിയും മുംബൈ സിറ്റിയും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരം ടെലികാസ്റ്റ് ചെയ്‌തത്‌ ഈ അവഗണന കൃത്യമായി കാണിച്ചു തരുന്നുവെന്നും ബറ്റാലിയ പറയുന്നു.

ഗോകുലം കേരളയുടെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്‌തതിനെതിരെയും ബറ്റാലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. സ്വന്തം മൈതാനത്ത് നടക്കുന്ന ടൂർണമെന്റ് ആയിട്ടു പോലും ഗ്രൂപ്പ് ഘട്ടത്തിലെ ഗോകുലം കേരളയുടെ മത്സരങ്ങൾ മുഴുവൻ നടക്കുന്നത് വൈകുന്നേരം അഞ്ചു മണിക്കാണ്. ഫ്ലഡ് ലൈറ്റിൽ രാത്രിയിൽ ഒരു മത്സരം പോലും നടത്താതിരിക്കുന്നത് ശരിയായ രീതിയല്ലെന്നും ആരാധകർ വരുന്നതിനു തടസമുണ്ടാകുമെന്നും അവർ പറയുന്നു.

ഇതിനു പുറമെ ഐ ലീഗിന്റെ മത്സരങ്ങൾ ഉച്ചക്ക് രണ്ടു മണിക്കും വൈകുന്നേരം നാല് മാണിക്കും നടത്തുന്നതിനെയും ബറ്റാലിയ ചോദ്യം ചെയ്യുന്നു. 2047 ആകുമ്പോഴേക്കും ഫുട്ബോളിൽ ഇന്ത്യയെ വളർത്തുകയെന്ന പദ്ധതി കൃത്യമായി നടപ്പിലാക്കാൻ കഴിയില്ലെന്നും ഈ പ്രശ്‌നങ്ങളെല്ലാം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കൃത്യമായി പരിഗണിക്കണമെന്നും ബറ്റാലിയ ആവശ്യപ്പെടുന്നു.

You Might Also Like