ബാഴ്‌സയില്‍ കിരീടവുമായി സാവിയുടെ കംബാക്ക്; വിജയവഴിയിലേക്കെത്തിച്ചത് നിര്‍ണായക നീക്കങ്ങള്‍

റിയാദ്: സമീപകാലത്ത് കിരീടമൊന്നുമില്ലാതെയും തുടര്‍തോല്‍വികളുമെല്ലാമായി വലിയ തകര്‍ച്ചയാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ അഭിമുഖീകരിച്ചത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വമ്പന്‍താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും കളിക്കളത്തില്‍ മാറ്റം കൊണ്ടുവരാനായില്ല. ഇതോടെ ക്ലബ് പരിശീലകനായ മുന്‍ സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസിന്റെ ദിനങ്ങളും എണ്ണപ്പെട്ടു. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം അടിമുടി മാറിയ കാറ്റലേനിയന്‍ ക്ലബിനെയാണ് ആരാധകര്‍ കണ്ടത്.


സ്പാനിഷ് ലാലീഗയില്‍ തുടര്‍ ജയങ്ങളുമായി പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡിനെ കീഴടക്കി സൂപ്പര്‍കപ്പ് കിരീടം സ്വന്തമാക്കാനുമായി. സാവി പരിശീലകനായെത്തിയ ശേഷം നേടുന്ന ആദ്യ ട്രോഫിയായി ഇതുമാറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്‍സ് ലീഗടക്കം നേടി മികച്ച ഫോമിലുള്ള റയലിനെതിരെ ബാഴ്‌സയുടെ വമ്പന്‍ജയം. സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്‌സ നേടുന്ന ആദ്യ കിരീടം കൂടിയാണിത്.


2021ല്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ കോപ ഡെല്‍ റേ നേടിയതാണ് ബാഴ്‌സയുടെ അവസാന കിരീടം. ഇതിനുശേഷമായിരുന്നു മെസി ബാഴ്‌സ വിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ ബയേണില്‍ നിന്ന് സ്‌പെയിനിലെത്തിച്ചതും മധ്യനിരയില്‍ പെഡ്രി-ഗാവി കൂട്ടുകെട്ട് മിന്നും പ്രകടനം നടത്തുന്നതും ക്ലബിന് അനുകൂലമായി. ഫ്രഞ്ച് താരം ഡെംബലെ, നെതര്‍ലാന്‍ഡിന്റെ ഫ്രാങ്ക് ഡി യോംഗ് എന്നിവരും കിരീടനേട്ടത്തില്‍ പ്രധാനപങ്കുവഹിച്ചു. ഈസീസണ്‍ തുടക്കത്തില്‍ ചെല്‍സിയില്‍ നിന്നെത്തിച്ച പ്രതിരോധതാരം ക്രിസ്റ്റ്യന്‍സന്‍ പരിക്ക് മാറി ഫോമിലേക്ക് തിരിച്ചെത്തിയതോടെ പ്രതിരോധത്തിലെ പ്രശ്‌നങ്ങളും പരിധിവരെ പരിഹരിക്കാനായി.


അവസനം കളിച്ച മത്സരത്തില്‍ വിയ്യാറയലിനെതിരെയും റയല്‍മാഡ്രിഡ് തോല്‍വിവഴങ്ങിയിരുന്നു. ബാഴ്‌സലോണയാകട്ടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ എവേ മത്സരത്തില്‍ തോല്‍പ്പിച്ച് ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൂന്ന് പോയന്റ് ലീഡ് സ്വന്തമാക്കുകയും ചെയ്തു.നിലവില്‍ 16 കളിയില്‍ 13 വിജയവും രണ്ട് സമനിലയും ഒരുതോല്‍വിയുമായി 41 പോയന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയലിന് 38 പോയന്റും മൂന്നിലുള്ള റയല്‍ സോസിഡാഡ് മൂന്നാമതുമാണ്.

 

You Might Also Like