വിരമിക്കലിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനവുമായി അശോക് ഡിന്‍ഡ
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചെങ്കിലും കളി ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിന് തുടക്കം കുറിക്കാന്‍ ആലോചിക്കുകയാണ് ബംഗാള്‍ പേസ് ബൗളര്‍ അശോക് ഡിന്‍ഡ. പേസ് ബൗളിംഗ് അക്കാദമി തുടങ്ങാനാണ് ഡിന്‍ഡ തയ്യാറെടുക്കുന്നത്.
തന്നെ പരിഹസിക്കാന്‍ ഒരു വിഭാഗം ആരാധകര്‍ ഉപയോഗിച്ച ‘ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ്’ എന്ന പേര് തന്നെ അക്കാദമിയ്ക്ക് നല്‍കാനാണ് താരത്തിന്റെ തീരുമാനം. പ്രമുഖ സ്‌പോട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിന്‍ഡ ഇക്കാര്യം വ്യക്തമാക്കിയത്.
”ഞാന്‍ ക്രിക്കറ്റ് വിട്ടെങ്കിലും ഈ ഗെയിം എന്നില്‍ എപ്പോഴും ഉണ്ടാവും. ഇപ്പോള്‍ ഞാന്‍ ഇത് ആസ്വദിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് സമ്മര്‍ദ്ദം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ തലവേദനയില്ല. അതുകൊണ്ട് ഞാന്‍ ഇനി ഇത് ആസ്വദിക്കും. മാത്രമല്ല, ‘ഡിന്‍ഡ അക്കാദമി ഓഫ് പേസ് ബൗളിംഗ്’ എന്ന പേരില്‍ ഒരു സമൂഹമാധ്യമ പേജ് ഇപ്പോള്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ആ പേരില്‍ ഒരു അക്കാദമി തുടങ്ങിയാല്‍ എന്താണ് പ്രശ്‌നം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’ ഡിന്‍ഡ പറഞ്ഞു.
‘ഡിന്‍ഡ അക്കാദമി ഓഫ് പേസ് ബൗളിംഗ്’ എന്ന പേര് ഇപ്പോഴേ പ്രശസ്തമാണ്. അതിനാല്‍, ആ പേരില്‍ തന്നെ അക്കാദമി തുടങ്ങാന്‍ പദ്ധതിയുണ്ട്. കുട്ടികള്‍ക്ക് വന്ന് ക്രിക്കറ്റ് പഠിക്കുന്ന ഒരു അക്കാദമിയാവും. എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ഉണ്ടാവും. 24 മണിക്കൂറും സേവനം ഉണ്ടാവും. ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. എങ്കിലും വിരമിക്കലിനു ശേഷമുള്ള പദ്ധതികളില്‍ ഒന്നാണ് ഇത്. വരും മാസങ്ങളില്‍ ഇതേപ്പറ്റി എല്ലാവരും അറിയും.’- താരം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡിണ്ട വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരം 15 വര്‍ഷത്തോളം നീണ്ട കരിയറിനാണ് സമാപ്തി കുറിച്ചത്. ഐപിഎലിലും ഇന്ത്യക്കായി രാജ്യാന്തര മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.