എതിരാളികള്‍ക്ക് കോച്ചിന്റെ മുന്നറിയിപ്പ്; ഡിബാലയ്ക്ക് പകരംവെക്കാനുള്ള താരങ്ങളൊന്നും ആ ടീമിലില്ല

അര്‍ജന്റീനന്‍ യുവതാരം പൗലോ ഡിബാലയെ പ്രശംസകൊണ്ട് മൂടി എ.എസ് റോമ പരിശീലകന്‍ ഹോസെ മൊറീഞ്ഞോ. ക്ലബിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഡിബാലയ്ക്ക് പകരംവെക്കാനുള്ള താരം ഇറ്റാലിയന്‍ ലീഗ് സിരി എയില്‍ ഒന്നാംസ്ഥാനത്തുള്ള നാപ്പോളിയില്‍ ഇല്ലെന്നാരിയുന്നു പോര്‍ച്ചുഗീസ് പരിശീലകന്റെ അഭിപ്രായം. നാപ്പോളിക്കെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലാണ് 29കാരന്റെ മികവിനെ കോച്ച് പുകഴ്ത്തിയത്.


ഖത്തര്‍ ലോകകപ്പിന് ശേഷം ഇറ്റലിയിലെത്തിയ ഡീബാല എ.എസ് റോമക്കായി ഗോളടിച്ച് കൂട്ടുകയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റോമ വിജയശില്‍പി ഡിബാലയായിരുന്നു. സ്പസിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് അസിസ്റ്റുകളാണ് താരം നല്‍കിയത്.

45ാം മിനുട്ടില്‍ എല്‍ ഷറാവി നേടിയ ഗോളിനും 49ാം മിനുട്ടില്‍ എബ്രഹാം നേടിയ ഗോളിനുമാണ് അവസരമൊരുക്കിയത്. ഈസീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ ഏഴുഗോളുകളാണ് സമ്പാദ്യം. നാല് അസിസ്റ്റും നല്‍കി.


ജെനോവക്കെതിരെയുള്ള കോപ്പ ഇറ്റാലിയ മത്സരത്തില്‍ എ.എസ് റോമയെ വിജയത്തിലെത്തിച്ച ഏകഗോള്‍ ഡിബാലയുടെ ബൂട്ടില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗില്‍ ഫിയോറെന്റിനയെ റോമ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇരട്ടഗോള്‍നേടി താരം തിളങ്ങുകയും ചെയ്തു.

കരുത്തരായ നിരവധി താരങ്ങളുള്ള നാപ്പോളിയെ നേരിടുമ്പോള്‍ തങ്ങളുടെ ടീം സുശക്തമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഹോസേ മൊറീഞ്ഞോ. നാപോളിക്ക് ഒരുപാട് മികച്ച താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവരാരും തന്നെ ഡിബാലയുടെ ലെവലില്‍ ഉള്ളവരല്ല എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ നാപോളി മികച്ച ഫോമിലാണ്. 19 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റാണ് നാപോളിയുടെ സമ്പാദ്യം.19 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റാണ് റോമക്കുള്ളത്. ഇന്റര്‍ മിലാന്‍ രണ്ടാംസ്ഥാനത്തും എ.സി മിലാന്‍ മൂന്നാമതുംനില്‍ക്കുന്നു. അത്‌ലാന്റയാണ് നാലാമത്.

You Might Also Like