കിരീടമുറപ്പിക്കാൻ പ്രീമിയർ ലീഗ് താരത്തിനു വമ്പൻ ഓഫറുമായി ആഴ്‌സണൽ

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്‌സണൽ കിരീടം നേടാൻ സാധ്യതയുള്ള കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറവ് കളിച്ച് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചു പോയിന്റ് വ്യത്യാസത്തിലാണ് അവർ ഒന്നാമത് നിൽക്കുന്നത്. ലീഗിൽ പത്തൊൻപതു മത്സരങ്ങൾ ഇനിയും കളിക്കാനുള്ളതിനാൽ ടോപ് ഫോറിലുള്ള ടീമുകൾക്ക് അവരെ മറികടക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതുകൊണ്ടു തന്നെ ജനുവരി ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താൻ ആഴ്‌സണൽ ഒരുങ്ങുകയാണ്.

നിലവിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണിന്റെ മോസസ് കൈസെഡോയെ ജനുവരി ജാലകത്തിൽ ടീമിലെത്തിക്കാനുള്ള പദ്ധതിയിലാണ് ആഴ്‌സണൽ. ഇരുപത്തിയൊന്ന് വയസുള്ള ഇക്വഡോർ താരത്തിൽ ആഴ്‌സണലിന് താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ അറുപതു മില്യൺ പൗണ്ട് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്‌തിട്ടുണ്ടെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു.

എന്നാൽ ആഴ്‌സണലിന്റെ ഓഫർ ബ്രൈറ്റൻ തള്ളിയെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടര വര്ഷം കരാറിൽ ബാക്കിയുള്ള കൈസെഡോയെ വിട്ടുകൊടുക്കാൻ ബ്രൈറ്റണ് യാതൊരു താൽപര്യവുമില്ല. താരം ഈ സീസൺ കഴിഞ്ഞതിനു ശേഷം മറ്റു ക്ലബ്ബിലേക്ക് പോവുകയാണ് പ്രായോഗികമായ കാര്യമെന്ന് ബ്രൈറ്റൻ പരിശീലകൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ടീം യൂറോപ്യൻ യോഗ്യതക്ക് ശ്രമം നടത്തുന്നതിനാൽ സീസണിന്റെ ഇടയിൽ പ്രധാന താരത്തെ വിട്ടുകൊടുക്കാൻ അവർ തയ്യാറാകില്ല.

ആഴ്‌സണൽ ലക്ഷ്യമിട്ട രണ്ടു താരങ്ങളെ ചെൽസി സ്വന്തമാക്കിയിരുന്നു. അത്ലറ്റികോ മാഡ്രിഡിൽ നിന്നും ജോവോ ഫെലിക്‌സ്, ഷാക്തറിൽ നിന്നും മുഡ്രിക്ക് എന്നിവരെയാണ് ചെൽസി ആഴ്‌സനലിനെ മറികടന്ന് സ്വന്തമാക്കിയത്. അതിനു ശേഷം ബ്രൈറ്റണിൽ നിന്നു തന്നെ ട്രോസാഡിനെ സ്വന്തമാക്കിയാണ് ആഴ്‌സണൽ ഇപ്പോൾ മോസസിനു വേണ്ടി ശ്രമം നടത്തുന്നത്. ട്രാൻസ്‌ഫർ തുക ഉയർത്തിയാൽ മാത്രമേ ബ്രൈറ്റൻ ഈ ഓഫർ പരിഗണിക്കാൻ സാധ്യതയുള്ളൂ.

You Might Also Like