അർജന്റീനൻ യുവതാരം മെക്സിക്കോയിലേക്ക് ചെക്കേറാനൊരുങ്ങുന്നു, പോകുന്നത് അര്ജന്റീനക്കായി ലോകകപ്പുകളിച്ച ഫ്യൂനസ് മോറിയുടെ ഇരട്ട സഹോദരൻ
അർജന്റീനക്കായി കളിച്ചതാണെങ്കിലും വരാനിരിക്കുന്ന ലോകകപ്പിൽ മെക്സികോക്കു വേണ്ടി പന്തുതട്ടാൻ താൽപര്യമുണ്ടെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് സ്ട്രൈക്കർ റൊജേലിയോ ഫ്യൂനസ് മോറി. 2012ൽ ബ്രസീലിനെതിരെ സൗഹൃദ മത്സരത്തിൽ അര്ജന്റീനക്കായി പന്തുതട്ടിയ താരം മെക്സിക്കൻ ക്ലബ് മൊണ്ടെറിക്കു വേണ്ടിയാണു നിലവിൽ കളിക്കുന്നത്. ഫോക്സ് സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“എന്റെ മകനു ഇവിടെയാണു ജന്മം നൽകിയത്. അതിനൊപ്പം മെക്സിക്കോയോട് എനിക്കു വളരെയധികം അടുപ്പമുണ്ട്. ഈ രാജ്യം എനിക്കു നൽകിയതിന് അൽപമെങ്കിലും തിരിച്ചു നൽകാൻ കഴിയുമെങ്കിൽ എനിക്കത് സന്തോഷമേകും. ഇതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ ഞാൻ ക്ലബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.”
Rogelio Funes Mori: "I would like to play for Mexico". https://t.co/KaFtw8uOFc
— Roy Nemer (@RoyNemer) September 24, 2020
“2022 ലോകകപ്പാകുമ്പോൾ എനിക്ക് ആവശ്യത്തിന് പക്വതയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള കഴിവുമുള്ള പ്രായമായിരിക്കും. ടീമിലെത്തുമോയെന്നത് എനിക്കു മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലെങ്കിലും അതു തന്നെ സംഭവിക്കുമെന്നാണു പ്രതീക്ഷ. നിരവധി മികച്ച താരങ്ങൾക്കു ജന്മം നൽകിയ മെക്സികോക്കായി ബൂട്ടുകെട്ടാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.” റൊജേലിയോ വെളിപ്പെടുത്തി.
റൊജേലിയോയുടെ ഇരട്ട സഹോദരനായ റാമിറോ ഫൂനസ് മോറി അർജന്റീനക്കു വേണ്ടി നിരവധി മത്സരങ്ങളിലും എവർട്ടൺ, വിയ്യാറയൽ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. അടുത്ത ലയണൽ മെസ്സിയെന്ന് വിളിപ്പേരുള്ള ലൂക്ക റോമെറോ സ്‌പെയിനിലേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ മറ്റൊരു യുവതാരത്തെകൂടി അർജന്റീനക്ക് നഷ്ടപ്പെടുകയാണ്.