അവിശ്വസനീയമായ രണ്ടു സ്ട്രൈക്കുകൾ, പ്രീമിയർ ലീഗിലെ മികച്ച ഗോൾ അർജന്റീന താരങ്ങൾ സ്വന്തമാക്കുമെന്നുറപ്പായി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണയും കിരീടപ്പോരാട്ടം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ആഴ്‌സണലാണ് മുന്നിൽ നിൽക്കുന്നതെങ്കിലും ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾ തൊട്ടു പിന്നാലെയുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം ടീമിൽ അഴിച്ചുപണികൾ നടക്കുമ്പോൾ പോയിന്റ് ടേബിളിലും അതിന്റേതായ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നുറപ്പാണ്.

പ്രീമിയർ ലീഗിൽ ആര് കിരീടം സ്വന്തമാക്കിയാലും ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ അർജന്റീന താരങ്ങൾ തന്നെ സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം ഫുൾഹാമിനെതിരെ ലിവർപൂളിന്റെ അർജന്റീന മധ്യനിര താരമായ മാക് അലിസ്റ്റർ നേടിയ ഗോളോടെ അത് വ്യക്തമായിട്ടുണ്ട്. പോസ്റ്റിന്റെ മുപ്പതു വാര അകലെ നിന്നുമാണ് ഒരു ഹാഫ് വോളിയിൽ താരം പന്ത് വലയിലെത്തിച്ചത്.

ഇതിനു മുൻപ് എവർട്ടണും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന യുവതാരമായ അലസാൻഡ്രോ ഗർനാച്ചോ നേടിയ ഗോളാണ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളായി മാറുമെന്ന് കരുതപ്പെട്ടിരുന്നത്. എന്നാൽ മാക് അലിസ്റ്റാറിന്റെ ഗോൾ വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ഭീഷണിയാകുമെന്ന് ഉറപ്പായി.

എന്തായാലും അർജന്റീന താരങ്ങൾ തന്നെ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതേണ്ടത്. ഇക്കഴിഞ്ഞ വീക്കെൻഡിൽ നടന്ന മത്സരങ്ങളിൽ അർജന്റീന താരങ്ങൾ മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ നടത്തിയത്. മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ, ഫാകുണ്ടോ ബുവാണെനട്ടോ എന്നിവർ ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ് ഒരു ഗോളിന് വഴിയൊരുക്കിയിരുന്നു.

You Might Also Like