മികച്ച ടീമുകളോട് മുട്ടിടിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രതീക്ഷകൾ നഷ്‌ടമായി ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ടോപ് ഫോർ ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങുകയാണുണ്ടായത്. പ്രീമിയർ ലീഗിൽ കുറച്ചു വർഷങ്ങളായി മികച്ച കുതിപ്പ് കാണിക്കുന്ന ടീമായ ബ്രൈറ്റനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. സ്വന്തം മൈതാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രൈറ്റനോട് തോൽവി വഴങ്ങിയത്.

ബ്രൈറ്റൻ പരിശീലകനായ റോബർട്ടോ ഡി സെർബിയയുടെ തന്ത്രങ്ങൾക്ക് പകരം വെക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നുമുണ്ടായിരുന്നില്ല. മത്സരത്തിൽ മേധാവിത്വം പുലർത്താനും കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തി ഗോളുകൾ കണ്ടെത്താനും ബ്രൈറ്റണു കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യത്തെ കുറച്ചു മിനുട്ടുകൾ മാത്രമാണ് മേധാവിത്വം ഉണ്ടായിരുന്നത്.

ഇരുപതാം മിനുട്ടിൽ ഡാനി വെൽബെക്കിലൂടെ മുന്നിലെത്തിയ ബ്രൈറ്റൻ രണ്ടാം പകുതിയിൽ പാസ്‌കൽ ഗ്രോസിലൂടെ ലീഡുയർത്തി. അതിനു ശേഷം ജോവോ പെഡ്രോ കൂടി ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കയ്യിൽ നിന്നും മത്സരം പൂർണമായും കൈവിട്ടു. പകരക്കാരനായിറങ്ങിയ യുവതാരം ഹാനിബാൾ മേബിരി നേടിയ ഗോൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരാശ്വാസം.

മുന്നേറ്റനിരക്ക് കൃത്യതയും മൂർച്ചയും ഇല്ലാത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലത്തെ മത്സരത്തിൽ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പ്രധാന സ്‌ട്രൈക്കറായി കളിച്ച ഹോളുണ്ടിലേക്ക് പന്ത് ധാരാളം എത്തുന്നുണ്ടായിരുന്നില്ല. അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ് ബാക്കുകൾ ഡിഫെൻസിൽ മോശമായിരുന്നു. അത് ബ്രൈറ്റണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഇതോടെ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അതിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങി. ടോട്ടനം, ആഴ്‌സണൽ, ബ്രൈറ്റൻ എന്നീ ടീമുകൾക്കെതിരെ തോൽവി നേരിട്ടതോടെ ഈ സീസണിൽ ടോപ് ഫോർ ക്ലബിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും ഈ ടീമിനെ മികച്ച പ്രകടനം നടത്തിക്കാൻ പരിശീലകൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.

You Might Also Like