ഒരൊറ്റ കുതിപ്പിൽ മറികടന്നത് ഏഴോളം താരങ്ങളെ, അവിശ്വസനീയ ഡ്രിബ്ലിങ്ങും അസിസ്റ്റുമായി ന്യൂകാസിൽ താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികിലേക്ക് ഒന്നുകൂടി അടുത്തിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് എവർട്ടനെയാണ് ന്യൂകാസിൽ യുണൈറ്റഡ് മത്സരത്തിൽ കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത ന്യൂകാസിൽ അതിന്റെ ബാക്കിയാണ് ഇന്നലെ പുറത്തെടുത്തത്.

മത്സരത്തിനു ശേഷം വാർത്തകളിൽ നിറയുന്നത് ന്യൂകാസിൽ യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങായ അലക്‌സാണ്ടർ ഇസക്ക് നടത്തിയ ഡ്രിബ്ലിങ്ങും അസിസ്റ്റുമാണ്. മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പകരക്കാരനായാണ് ഇസക്ക് കളിക്കളത്തിൽ ഇറങ്ങിയത്. എൺപത്തിയൊന്നാം മിനുറ്റിൽ ജേക്കബ് മർഫി നേടിയ ഗോളിന് താരം നൽകിയ അസിസ്റ്റ് ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒന്നായിരുന്നു.

മധ്യവരക്കടുത്തു നിന്നും പന്തുമായി ഇടതുലൈനിനരികിലൂടെ കുതിച്ച ഇസക്ക് കോർണറിന്റെ അടുത്ത് വെച്ച് തന്നെ തടുക്കാൻ വന്ന മൂന്നു താരങ്ങളെ മറികടന്നത് അവിശ്വസനീയമായ കാഴ്‌ച തന്നെയായിരുന്നു. അതിനു ശേഷം ലൈനിനരികിലൂടെ രണ്ടു താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറിയ താരം പന്ത് മർഫിക്ക് കൈമാറി. വലയിലേക്ക് അതൊന്നു തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ മർഫിക്ക് ഉണ്ടായിരുന്നുള്ളൂ. ന്യൂകാസിലിന്റെ നാലാമത്തെ ഗോളാണ് താരം നേടിയത്.

മത്സരത്തിൽ കല്ലം വിൽസൺ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോലിന്റൻ ഒരു ഗോൾ നേടി. വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം തന്നെ ക്ലബ് റെക്കോർഡ് ട്രാൻസ്ഫറിൽ ടീമിലെത്തിച്ചതിനു മികച്ച പ്രകടനത്തിലൂടെ തിരിച്ചു നൽകാൻ ഇസാക്കിന് കഴിയുന്നുണ്ട്. ഈ സീസണിൽ ആകെ പതിനൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പത്ത് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് റയൽ സോസിഡാഡിൽ നിന്നും സ്വീഡിഷ് താരം ന്യൂകാസിലിൽ എത്തിയത്.

You Might Also Like