നെയ്‌മറുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ച് അൽ ഹിലാൽ, സന്ദേശവുമായി ലയണൽ മെസി

കഴിഞ്ഞ ദിവസം യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനായി ഇറങ്ങിയ നെയ്‌മർക്ക് പരിക്കേറ്റിരുന്നു. മത്സരം നാൽപത് മിനുട്ടോളം പിന്നിട്ടപ്പോഴാണ് നെയ്‌മർ മൈതാനത്തു പരിക്കേറ്റു വീണത്. ഇതേത്തുടർന്ന് സ്‌ട്രെച്ചറിലാണ് താരത്തെ അവിടെ നിന്നും നീക്കിയത്. നിരന്തരം പരിക്കുകൾ സംഭവിക്കാറുള്ള താരത്തിന് ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്ന് അതിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോൾ താരത്തിന്റെ ക്ലബായ അൽ ഹിലാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടു.

അൽ ഹിലാൽ നൽകിയ വിവരങ്ങൾ പ്രകാരം ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗ്‌മെന്റിനാണ് നെയ്‌മർക്ക് പരിക്ക് പറ്റിയിരിക്കുന്നത്. അതിനാൽ തന്നെ താരം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞു താരം പരിക്കിൽ നിന്നും പൂർണമായി മോചിതനാകാൻ ഏഴു മുതൽ ഒൻപത് മാസങ്ങൾ വരെ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒൻപത് മാസങ്ങൾ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്നാൽ നെയ്‌മർക്ക് ചിലപ്പോൾ കോപ്പ അമേരിക്ക ടൂർണമെന്റ് വരെ നഷ്‌ടമായേക്കും.

അതിനിടയിൽ നെയ്‌മർക്ക് ധൈര്യം പകരുന്ന സന്ദേശവുമായി താരത്തിന്റെ സുഹൃത്തും അർജന്റീന നായകനുമായ ലയണൽ മെസി രംഗത്തു വന്നിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മെസി നെയ്‌മർക്ക് സന്ദേശം നൽകിയിരിക്കുന്നത്. മെസിയും നെയ്‌മറും ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തതിന്‌ ശേഷം ‘കൂടുതൽ കരുത്ത് ലഭിക്കട്ടെ’ എന്നാണു മെസി കുറിച്ചിരിക്കുന്നത്. അടുത്ത മാസം അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്‌ നെയ്‌മർക്ക് പരിക്കേറ്റത്.

നെയ്‌മർക്ക് പരിക്കേറ്റത് ഇന്ത്യയിലെ ബ്രസീലിയൻ ആരാധകർക്കും തിരിച്ചടിയാണ്. നവംബർ ആദ്യവാരം നെയ്‌മറുടെ ക്ലബായ അൽ ഹിലാൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. പരിക്കേറ്റതോടെ ബ്രസീലിയൻ താരം ആ മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പായി. അടുത്ത മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും നെയ്‌മറുടെ പരിക്ക് തിരിച്ചടിയാണ്. നിലവിൽ തന്നെ അത്ര മികച്ച ഫോമിലല്ല ബ്രസീൽ കളിച്ചു കൊണ്ടിരിക്കുന്നത്.

You Might Also Like