ഒടുവില്‍ തനിക്കെതിരെയുളള ബലാത്സംഗ ആരോപണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അക്തര്‍

പാക്കിസ്ഥാന്‍ ടീമിലെ ഒരു സഹതാരം കാരണം തന്റെ പേരില്‍ ബലാത്സംഗ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ പാക് താരം ശുഐബ് അക്തര്‍. 2005ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്താണ് അക്തറിനെതിരെ ബലാത്സംഘ ആരോപണം ഉയര്‍ന്നത്. അന്ന് ടീമില്‍ തനിക്കൊപ്പമുണ്ടായിരുന്ന ഒരു താരവും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ചില ധാരണപ്പിശകുകളാണ് തനിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന് അക്തര്‍ പറയുന്നു. ഹലോ ലൈവില്‍ സംസാരിക്കുകയായിരുന്നു പാക് താരം,

ആ താരത്തിന്റെ പേരു വെളിപ്പെടുത്തിയില്ലെങ്കിലും താന്‍ ആ പ്രശ്‌നവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിശദീകരിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നതായും അക്തര്‍ വിശദീകരിച്ചു. എന്നിട്ടും ആ ആരോപണത്തിന്റെ കറ തന്റെ പേരില്‍നിന്ന് നീങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു

‘ആയിടയ്ക്ക് എന്റെ പേരില്‍ ഒരു ബലാത്സംഗ ആരോപണം ഉയര്‍ന്നിരുന്നു. അന്ന് പാക്കിസ്ഥാന്‍ ടീമിലുണ്ടായിരുന്ന ഒരാള്‍ക്ക് ഏതോ ഒരു പെണ്‍കുട്ടിയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ താരത്തിന്റെ ചെയ്തികളും വിശദാംശങ്ങളും പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റ് മറച്ചുവച്ചതാണ്’ അക്തര്‍ വെളിപ്പെടുത്തി. .

‘പ്രശ്‌നത്തില്‍ അകപ്പെട്ട താരത്തിന്റെ പേരു വെളിപ്പെടുത്താതെ, എനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിശദീകരിക്കാന്‍ ഞാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ആ കേസ് ഉയര്‍ന്നു വന്നപ്പോള്‍ എല്ലാവരും എന്നെ സംശയിച്ചു’ അക്ര്‍ പറഞ്ഞു.

അതേസമയം, അക്തറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിശദീകരണവുമായി പാക്കിസ്ഥാന്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയന്‍ യുവതിയെ അപമാനിച്ചുവെന്ന കുറ്റാരോപണം ശുഐബ് അക്തറിനെതിരെയല്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മറ്റൊരു ഓള്‍റൗണ്ടറിനെതിരെയാണെന്നും പിസിബി. വക്താക്കള്‍ സ്ഥിരീകരിച്ചിരുന്നു. അക്തറിനെ നാട്ടിലേക്കു തിരിച്ചുവിളിച്ചതു വിശ്രമം നല്‍കാന്‍ വേണ്ടി മാത്രമാണെന്നും പിസിബി വ്യക്തമാക്കി. ആരോപണ വിധേയനായ ഓള്‍റൗണ്ടര്‍ ആരെന്നു മാത്രം അവര്‍ സൂചന നല്‍കിയില്ല.

ആരോപണം ഉന്നയിച്ച പാക്ക് വംശജയായ യുവതിയും ഈ ഓള്‍റൗണ്ടറും പാക്കിസ്ഥാന്റെ 1999-2000 സീസണിലെ ഓസ്ട്രേലിയന്‍ പര്യടനം മുതല്‍ പരിചയക്കാരായിരുന്നു എന്ന് പിസിബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നടപടികളിലേക്കു കടക്കുന്നില്ലെന്ന് പിസിബി തീരുമാനിക്കുകയായിരുന്നു.

You Might Also Like