എ.എഫ്.സി ഏഷ്യാകപ്പ് ആതിഥേയത്വം; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് സൗദി

റിയാദ്: അറബ് രാജ്യങ്ങളില്‍ ഫുട്‌ബോളിന് എന്നും വലിയ പ്രാധാന്യമാണുള്ളത്. ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഖത്തര്‍ ലോകത്തെ കഴിഞ്ഞവര്‍ഷം ഞെട്ടിക്കുകയും ചെയ്തു. മനോഹരമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഇതുവരെയുള്ളതില്‍ മികച്ച ലോകകപ്പായി മാറ്റിയെടുക്കാന്‍ ഖത്തറിനായി. ഇതിന്റെ ചുവട്പിടിച്ച് എ.എഫ്.സി ഏഷ്യാകപ്പില്‍ വലിയമാറ്റങ്ങള്‍ക്കാണ് സൗദി അറേബ്യ തുടക്കംകുറിക്കുന്നത്. 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനായി മൂന്ന് പുതിയ സ്റ്റേഡിയങ്ങളാണ് നിര്‍മിക്കാനൊരുങ്ങുന്നത്.

നാല് സ്റ്റേഡിയങ്ങള്‍ പുതുമോടിയിലേക്ക് മാറ്റുകയും ചെയ്യും. സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി നിര്‍മിക്കുന്ന മൂന്ന് പുതിയ സ്റ്റേഡിയങ്ങള്‍. അടുത്തമാസം സന്തോഷ് ട്രോഫി സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് നിശ്ചയിച്ചതും സൗദിയെയാണ്.
ഖത്തര്‍ മാതൃകയില്‍ മെട്രോ ട്രെയിനില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും വിധമായിരിക്കും റിയാദില്‍ സ്റ്റേഡിയം ഒരുക്കുക. സ്റ്റേഡിയത്തില്‍ അറേബ്യന്‍ രാജ്യത്തിന്റെ പ്രത്യേകത കൊണ്ടുവരാനും ശ്രദ്ധിക്കും.

പരിസ്ഥിതിക്ക് അനുയോജ്യമായും ആരാധകര്‍ക്ക് ആകര്‍ഷകമായും ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയമായിരിക്കും ദമ്മാമില്‍ നിര്‍മിക്കുക. ഖിദ്ദിയ സ്റ്റേഡിയം സൗദി 2027ല്‍ ഏഷ്യക്ക് നല്‍കുന്ന വലിയ സര്‍ഗാത്മകമായ സംഭാവനകളില്‍ ഒന്നായിരിക്കും. പുനരുദ്ധരിക്കുന്ന സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കും. അടിമുടി മാറ്റത്തിലൂടെ പുതിയമുഖമായിരിക്കും സ്റ്റേഡിയത്തിന് ലഭിക്കുക. മൂന്ന് നഗരങ്ങളിലെ ഏഴ് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക.

ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് നടത്താനുള്ള കരാര്‍ സൗദി അറേബ്യ അടുത്തിടെയാണ് നേടിയത്. ലോകകപ്പ് ആതിഥേയത്വവും ഒളിംപിക്‌സുമടക്കം ലക്ഷ്യമിടുന്ന സൗദി അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ലീഗിൽ എത്തിച്ചതും ആഗോളശ്രദ്ധക്കായി തന്നെയാണ്. സൂപ്പര്‍താരത്തെ ഭാവിയില്‍ കായികരംഗത്തെ അംബാസിഡറാക്കി ഉയര്‍ത്താനും സൗദി ഭരണകൂടത്തിന് പദ്ധതിയുണ്ട്.

You Might Also Like