തുടക്കം മുതല്‍ താനുണ്ടായിരന്നെങ്കില്‍ കിരീടം കൈയ്യിലിരുന്നേനെ, സ്ലാട്ടന്‍ തുറന്നടിക്കുന്നു
സീസണ്‍ ആരംഭത്തില്‍ തന്നെ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ സീരി എ കിരീടം എ സി മിലാന്‍ തന്നെ നേടുമായിരുന്നെന്നു സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്. അടുത്തിടെയായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന മിലാന്റെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഇബ്രാഹിമോവിച്ച്.
കഴിഞ്ഞ ദിവസം യുവന്റസുമായി നടന്ന സുപ്രധാന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് തകര്‍പ്പന്‍ വിജയം മിലാന്‍ നേടിയിരുന്നു. തുടക്കത്തില്‍ ക്രിസ്റ്റിയാനോയുടെയും റബിയൊട്ടിന്റെയും ഗോളില്‍ യുവെന്റസ് മുന്നിട്ടു നിന്നിട്ടത്ത് നിന്നാണ് മികച്ച തിരിച്ച് വരവ് നടത്തി മിലാന്‍ വിജയം പിടിച്ചെടുത്തത്.
ഇബ്രാഹിമോവിച്ച് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയപ്പോള്‍ ഫ്രാങ്ക് കെസ്സീ, റാഫേല്‍ ലിയാവോ, ആന്ദ്രേ റെബിച്ച് എന്നിവരുടെ ഗോളിലൂടെയാണ് മിലാന്‍ തകര്‍പ്പന്‍ ജയം അടിച്ചെടുത്തത്. ആദ്യപകുതിക്കു ശേഷം വെറും അഞ്ചു മിനിറ്റുനുള്ളില്‍ മൂന്നു ഗോളുകള്‍ നേടി യുവന്റസിനെ മറികടന്ന മിലാന്‍ എണ്‍പതാം മിനുട്ടില്‍ ആന്ദ്രേ റെബിച്ച് നേടിയ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു.
‘ഞാന്‍ സീസണിന്റെ തുടക്കം മുതലുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ കിരീടം ഞങ്ങള്‍ തന്നെയെടുക്കുമായിരുന്നു.’ ഇറ്റാലിയന്‍ മാധ്യമത്തോട് സ്ലാട്ടന്‍ പ്രതികരിച്ചു. ‘ഞാന്‍ തന്നെയാണ് ഈ ടീമിന്റെ പ്രസിഡന്റ്. ഞാന്‍ തന്നെയാണ് പരിശീലകനും. എന്നാല്‍ ഇവരെന്നെ കളിക്കാരനായി മാത്രം കാണുന്നു’ ഇബ്ര ശൈലിയില്‍ സ്ലാട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഇബ്രാഹിമിവോച്ചിനെയാണ് ഞങ്ങള്‍ മാതൃകയാക്കുന്നുവെന്ന് സഹതാരങ്ങള്‍ മുന്‍പ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഇബ്രാഹിമോവിച്ച്. ആരാധകരുണ്ടായിരുന്നെങ്കില്‍ സാന്‍ സിറോയിലെ അവസാനത്തെ മത്സരം കാണാമായിരുന്നെന്നും നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇനി ഞാനുണ്ടാവില്ലെന്നും ഇബ്രാഹിമോവിച്ച് കൂട്ടിച്ചേര്‍ത്തു. മിലാനുമായി സീസണ്‍ അവസാനം വരെ മാത്രമേ സ്ലാട്ടനു കരാറുള്ളു.