റയലിനെ കുറിച്ച് അവരെന്ത് പറയും എന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല, തുറന്നടിച്ച് സിദാന്‍

Image 3
Football

ലാലിഗ അതിന്റെ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ആരു കിരീടം നേടുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. റയലും ബാഴ്‌സയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ ഇനി വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ ചില ആശങ്കകള്‍ പങ്കുവെക്കകയാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍.

തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം താരങ്ങളെല്ലാം ശാരീരികമായി വളരെ തളര്‍ച്ചയനുഭവിക്കുന്നുണ്ടെന്നും വളരെ പ്രയാസമേറിയ ആഴ്ചകളാണ് ഇനി വരാനിരിക്കുന്നതെന്നു സിദാന്‍ പറയുന്നു. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാമെന്നും അതിലൊന്നും ഞാന്‍ ഇപ്പോള്‍ വാചാലനാവുന്നില്ലെന്നും തന്റെ ടീമിന്റെ മികച്ച പ്രകടനങ്ങളിലാണ് ശ്രദ്ധയെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് എന്നെ അലട്ടുന്ന പ്രശ്‌നമല്ല. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ റയല്‍ മാഡ്രിഡിനെപ്പറ്റി പറയാവുന്നതാണ്. എന്നാല്‍ റയല്‍ മാഡ്രിഡ് റയല്‍ മാഡ്രിഡ് തന്നെയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്ന്.’ സിദാന്‍ അഭിപ്രായപ്പെട്ടു.

പ്രതിരോധനിരയുടെ മികച്ച പ്രകടനത്തില്‍ സന്തുഷ്ടനാണെന്ന് തുറന്ന് പറഞ്ഞ സിദാന്‍ തിബോട് കോര്‍ട്വയുടെ പ്രകടനത്തെ പേരെടുത്ത് പ്രശംസിക്കാനും മറന്നില്ല.

നേരത്തെ വീഡിയോ റഫറി തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മറ്റു ക്ലബ്ബുകളുടെ ആരോപണങ്ങള്‍ റയലിനെതിരെ ഉയര്‍ന്നു വന്നിരുന്നു. കൊറോണക്ക് ശേഷം ലാലീഗയിലെ എല്ലാ മത്സരങ്ങളിലും റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. ഇത് വീഡിയോ റഫറിയുടെ പല തെറ്റായ തീരുമാനങ്ങള്‍ മൂലമാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിത്.