റയലിൽ അധികകാലം നിലനിൽക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, സിദാൻ മനസു തുറക്കുന്നു

കഴിഞ്ഞ സീസണിലാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡ്‌ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 2019-20 സീസണിലെ ലാലിഗ കിരീടം നേടിക്കൊടുക്കാനും സിനദിൻ സിദാനു സാധിച്ചിരുന്നു. നിലവിൽ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ് സിദാനും സംഘവും. നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിനു താഴെ രണ്ടാം സ്ഥാനത്ത് തുടരുന്ന റയൽ മികച്ച നിലയിലാണുള്ളത്.

കഴിഞ്ഞു പോയ 2020 വർഷത്തെ പ്രകടനങ്ങളെ കണക്കിലെടുക്കുമ്പോൾ മികച്ച പ്രകടനം തന്നെയാണ് സിദാനു കീഴിൽ റയൽ മാഡ്രിഡ്‌ നടത്തുന്നത്. അതു കൊണ്ടു തന്നെ 2022ൽ റയലുമായുള്ള കരാർ അവസാനിക്കാനിരിക്കുമ്പോൾ റയൽ മാഡ്രിഡിലെ ഭാവിയെക്കുറിച്ചു മനസു തുറക്കുകയാണ് സിദാൻ. ഇനിയൊരു കരാർ പുതുക്കലിനെക്കുറിച്ചല്ല ഇപ്പോൾ ചിന്തിക്കുന്നതെന്നാണ് സിദാൻ വ്യക്തമാക്കിയത്.

“ഇത് നമ്മളിൽ നിന്നും ഒരുപാട് ഊറ്റിയെടുക്കുന്നുണ്ടെങ്കിലും ഇതൊരു മികച്ച സ്ഥാനം തന്നെയാണ്. ഞാൻ റയൽ മാഡ്രിഡിന്റെ മാനേജർ ആണെന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമായാണ് കരുതുന്നത്. ഒരു നിമിഷവും മികച്ച അവസരമായാണ് ഞാൻ കണക്കാക്കുന്നത്. എനിക്കൊരിക്കലും ഒരു മാസമെന്നോ ഒരു വർഷമെന്നോ നാലു വർഷമെന്നോ പറയാനാകില്ല. ദൈനം ദിന പ്രവർത്തനങ്ങളാണു നമ്മുടെ ജീവിതം.”

അതിലാണ് എനിക്കും കൂടുതൽ താത്പര്യമുള്ളത്. ഓരോ ദിവസവും എനിക്ക് നൽകാൻ പറ്റുന്നതിന്റെ പരമാവധി നൽകാറുണ്ട്. ഓരോ പരിശീലനത്തിലും ഓരോ മത്സരത്തിലും. അതിലാണ് എനിക്ക് താത്പര്യമുള്ളത്. ബാക്കിയുള്ളത്? എനിക്കറിയില്ല ഈ ഒരു ആഴ്ചക്കുള്ളിൽ എന്താണ് സംഭവിക്കുകയെന്നത്. അതു കൊണ്ടാണ് ഓരോ നിമിഷവും നമ്മൾ മുതലെടുക്കേണ്ടതുണ്ടെന്നു പറഞ്ഞത്.” സിദാൻ പറഞ്ഞു

You Might Also Like