ഓരോ 19 മത്സരങ്ങളിലും ഒരു കിരീടം, ചരിത്രനേട്ടവുമായി സിദാന്‍

ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിനു വേണ്ടി തന്റെ രണ്ടാമത്തെ ലാലിഗ കിരീടം നേടിയിരിക്കുകയാണ്. വില്ലറയലുമായുള്ള മത്സരത്തില്‍ 2-1നു വിജയിച്ച മാഡ്രിഡ് ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ബാഴ്സലോണയെ മറികടന്ന് കിരീടംഉറപ്പിച്ചത്

തന്റെ രണ്ടാം ലാലിഗ കിരീടത്തോടെ റയല്‍ മാഡ്രിഡിനെ 209 മത്സരങ്ങള്‍ പരിശീലിപ്പിച്ചു സിദാന്‍ 11 കിരീടങ്ങള്‍ നേടിയെന്നത് അഭൂതപൂര്‍വമായ നേട്ടമായി വിലയിരുത്തുന്നു. കളിക്കളത്തിലും കളിക്കളത്തിന് പുറത്തു പരിശീലകനായും ഇതിഹാസം രചിക്കുകയാണ് സിനദിന്‍ സിദാനെന്ന പ്രതിഭാസം.

റയല്‍ മാഡ്രിഡിനെ പരിശീലിപ്പിച്ചു തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് എന്ന അപൂര്‍വനേട്ടവും സിനദിന്‍ സിദാനെന്ന പ്രതിഭയുടെ തന്ത്രങ്ങളുടെ ഭാഗമാണ്. കുറഞ്ഞ കാലയളവില്‍ നിരവധി കിരീടങ്ങള്‍ റയല്‍ മാഡ്രിഡിനു നേടികൊടുത്തതാണ് സിദാനെ മറ്റു പരിശീലകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന മികച്ച താരത്തിന്റെ അഭാവത്തിലും യുവതാരനിരയുടെ ആത്മവിശ്വാസത്തെ കൂട്ടുപിടിച്ചു സിദാന്‍ നേടിയത് മികച്ച നേട്ടം തന്നെയാണ്.

209 മത്സരങ്ങളില്‍ നിന്നും 11 കിരീടങ്ങള്‍ എന്ന് വെച്ചാല്‍ ഓരോ 19 മത്സരങ്ങളിലും സിദാന്‍ ഒരു കിരീടം റയല്‍ മാഡ്രിഡിനു നേടിക്കൊടുക്കുന്നു എന്നതാണ്. റയല്‍ മാഡ്രിഡില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള പരിശീലകന്‍ മിഗ്വേല്‍ മുനോസ് ആണ്.

605 മത്സരങ്ങളില്‍ നിന്നും 14 കിരീടങ്ങളാണ് മുനോസ് റയല്‍ മാഡ്രിഡിനു നേടിക്കൊടുത്തത്. റയലില്‍ ഇനിയും അവസരങ്ങള്‍ നിലനില്‍ക്കെ ഈ റെക്കോര്‍ഡും സിദാന്റെ പ്രതിഭയില്‍ മറികടക്കപ്പെടുമെന്ന് ഉറപ്പാണ്.

You Might Also Like