ഇരുപതോളം താരങ്ങൾ പരിക്കുമൂലം പുറത്ത്, മെഡിക്കൽ ടീമുമായി സിദാൻ ഉടക്കിൽ

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പരിക്കു മൂലം താരങ്ങൾ പുറത്തിരിക്കുന്ന ടീമാണ് ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡ്‌. ഏകദേശം ഇരുപതോളം താരങ്ങളെയാണ് റയൽ മാഡ്രിഡിനു പരിക്കു മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു മൂലം റയൽ മാഡ്രിഡിന്റെ അക്കാഡമിയായ കാസ്റ്റിയ്യയിൽ നിന്നും താരങ്ങളെ ഉൾപ്പെടുത്തേണ്ട ഗതികേടിലാണ് സിദാനുള്ളത്.

ഇരുപതോളം താരങ്ങൾക്ക് വ്യത്യസ്തമായ നാൽപത്തിയൊന്നോളം പരിക്കുകൾ മൂലമാണ് പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ലാലിഗയിൽ ബാഴ്സലോണയാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ താരങ്ങൾ പുറത്തിരുന്ന ഒരു ക്ലബ്ബ്. ഇരുപത്തിയഞ്ചോളം താരങ്ങളാണ് ബാഴ്സയിൽ പുറത്തിരിക്കുന്നത്.

മത്സരങ്ങൾക്കായി താരങ്ങൽ പരിക്കിൽ നിന്നും മുക്തരായി വരാത്തതിൽ ഏറ്റവും കൂടുതൽ നിരാശനായിരിക്കുന്നത് പരിശീലകൻ സിദാൻ തന്നെയാണ്. മെഡിക്കൽ ടീമുമായി ഇക്കാര്യത്തിൽ സിദാൻ ഉടക്കിലാണെന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്. ചെറിയ പരിക്കിലൂടെ കരിം ബെൻസമയടക്കം 11 സീനിയർ താരങ്ങൾ റയൽ മാഡ്രിഡിൽ പരിക്കിനു പിടിയിലായിട്ടുണ്ട്.

റയൽ വയ്യഡോലിഡുമായി ഇന്ന്‌ നടക്കാനിരിക്കുന്ന ലാലിഗ മത്സരത്തിനും അറ്റലാന്റക്കെതിരെ അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിനും താരങ്ങൾ പരിക്കു മൂലം പുറത്തിരിക്കുന്നതും മെഡിക്കൽ ടീമിന്റെ പരിശ്രമങ്ങൾ എങ്ങുമെത്താതെ പോവുന്നതും സിദാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരിക്കുമൂലം താരങ്ങൾക്ക് 823 ദിവസങ്ങളും 146 മത്സരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താത്കാലികമായി കാസ്റ്റിയ്യ താരങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് സിദാൻ.

You Might Also Like