തോൽവിയെ ന്യായികരിക്കാനില്ല, വലെൻസിയക്കെതിരായ നാണംകെട്ട തോൽവിയെക്കുറിച്ച് സിദാൻ

വലെൻസിയയുമായി നടന്ന ലാലിഗ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന്റെ ദയനീയ തോൽവിയാണു റയൽ മാഡ്രിഡ്‌ ഏറ്റു വാങ്ങിയത്. പ്രതിരോധനിര ദുരന്തമായ മത്സരത്തിൽ മൂന്നു പെനാൽറ്റികളും ഒരു ഓൺ ഗോളും വഴങ്ങി നാണംകെട്ട തോൽവിയാണു റയൽ മാഡ്രിഡിനു നേരിടേണ്ടി വന്നത്. ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സിനദിൻ സിദാൻ തന്നെ മത്സരശേഷം രംഗത്തെത്തിയിരുന്നു.

ആദ്യ പകുതിക്കു ശേഷമാണ് റയലിന്റെ പതനം ആരംഭിച്ചതെന്നാണ് സിദാന്റെ വിലയിരുത്തൽ. എങ്ങനെയാണു അവരെ പ്രതിരോധിച്ചതെന്നു ചോദിച്ചാൽ ഒരു ന്യായീകരണവും പറയാനില്ലെന്നാണ് സിദാൻ അഭിപ്രായപ്പെട്ടത്. ആദ്യപകുതിക്കു ശേഷം ഞങ്ങൾ ചെയ്തതെല്ലാം അബദ്ധമായിരുന്നുവെന്നും സിദാൻ ചൂണ്ടിക്കാണിച്ചു. ഇതിനെല്ലാം പരിഹാരം കാണേണ്ടത് താൻ തന്നെയാണെന്നും സിദാൻ കൂട്ടിച്ചേർത്തു.

“ആദ്യ പകുതി നന്നായി കളിക്കാൻ സാധിച്ചു. എന്നാൽ ആദ്യ ഗോളിനു ശേഷം ഞങ്ങൾ തകർന്നു. മത്സരത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞു. നന്നായി ചെയ്തുകൊണ്ടിരുന്നതെല്ലാം തെറ്റുകളിലേക്ക് വഴിമാറി. ഞങ്ങളുടെ മത്സരത്തെക്കുറിച്ച് മനസിലാക്കാനേ കഴിഞ്ഞില്ല. എങ്ങനെയാണു ഞങ്ങൾ പ്രതിരോധിച്ചതെന്നതിനെക്കുറിച്ച് ഒരു ന്യായീകരണവും നൽകാനില്ല. “

“ആദ്യ ഗോൾ വഴങ്ങിയതിനു ശേഷം ഞങ്ങൾ തലയുയർത്തിയിട്ടില്ല. പ്രശ്നങ്ങൾ തുടരേതുടരേ ഉയർന്നു വരുകയായിരുന്നു. നിലവിൽ പഴയപോലെയല്ല പ്രതിരോധം. തന്ത്രപരമായി വലെൻസിയ ഞങ്ങളെക്കാൾ മികച്ച രീതിയിൽ കളിച്ചുവെന്നൊന്നും പറയാനാവില്ല. എങ്കിലും ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തേണ്ട ആൾ ഞാൻ തന്നെയാണ്.” സിദാൻ മത്സരശേഷം അഭിപ്രായപ്പെട്ടു.

You Might Also Like