ബെന്‍സീമയ്‌ക്കൊപ്പം അവരെല്ലാവരും ബാലണ്‍ഡോറിന് അര്‍ഹര്‍, വെളിപ്പെടുത്തലുമായി സിദാന്‍
2017ന് ശേഷം ലാലിഗ കിരീടം വീണ്ടും സ്വന്തം തട്ടകത്തിലെത്തിക്കാനിരിക്കുകയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. വിയ്യാറലുമായി വരുന്ന മത്സരം ജയിക്കുകയോ ബാഴ്സലോണ ഒസാസുനയുമായി തോല്‍ക്കുകയോ ചെയ്താല്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തമാകും.
റയല്‍ മാഡ്രിഡിന്റെ കിരീടവിജയത്തിനു മികച്ച പ്രകടനത്തോടെ അടിത്തറ പാകിയത് കരീം ബെന്‍സിമ എന്ന സിദാന്റെ വിശ്വസ്ത കളിക്കാരനാണ്. ഈ സീസണില്‍ 35 മത്സരങ്ങളില്‍ നിന്നും 19 ഗോളുകളുമായിലാലീഗയിലെ മികച്ച ഗോള്‍ വേട്ടക്കാരില്‍ രണ്ടാമതാണ് ഈ ഫ്രഞ്ച് മുന്നേറ്റനിരതാരം.
ഈ വര്‍ഷത്തെ ബാലണ്‍ഡോറിന് അര്‍ഹതപ്പെട്ട താരങ്ങളില്‍ മുന്നില്‍ തന്നെയാണ് ബെന്‍സിമയുടെ സ്ഥാനം. റയല്‍ മാഡ്രിഡിന്റെ കിരീടനേട്ടത്തിന്റെ നട്ടെല്ലായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബെന്‍സിമക്ക് ഈ വര്‍ഷത്തെ ബാലണ്‍ഡോര്‍ നേടാന്‍ കൂടുതല്‍ അര്‍ഹനാണെന്നാണ് പരിശീലകനായ സിനദിന്‍ സിദാന്റെ അഭിപ്രായം. റയല്‍ മാഡ്രിഡിലെ ഓരോ കളിക്കാരനും അതിനര്‍ഹരാണെന്നാണ് സിദാന്റെ വാദം.
‘ഫുട്‌ബോളില്‍ ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ എന്റെ കളിക്കാരാണ് ഏറ്റവും മികച്ചത്. ഈ വര്‍ഷം കരിം മാത്രമല്ല നന്നായി കളിച്ചത്. അവന്‍ കുറെ വര്ഷങ്ങളായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാലണ്‍ഡോര്‍ ഒരാള്‍ക്ക് മാത്രമേ നേടാനാവുകയുള്ളു. അതാരാണെന്ന് ആര്‍ക്ക് വേണമെങ്കിലും അഭിപ്രായം പറയാം. എന്നാല്‍ എനിക്ക് എന്റെ എല്ലാ കളിക്കാരും അതിനു അര്ഹതപ്പെട്ടവരാണ്’ സിനദിന്‍ സിദാന്‍ അഭിപ്രായപ്പെട്ടു.