ഏതു ക്ലബിന്റെ താരമായാലും ഇത് എതിർക്കപ്പെടണം, വിനീഷ്യസിന് ബാഴ്‌സലോണയിൽ നിന്നും പിന്തുണ

വിനീഷ്യസ് ജൂനിയറിനെതിരെയുള്ള വംശീയമായ അധിക്ഷേപമാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് ബ്രസീലിയൻ താരത്തെ ആരാധകർ അധിക്ഷേപിച്ചത്. ഇതിൽ പ്രതികരണം നടത്തിയ ലാ ലിഗ പ്രസിഡന്റ് ആരാധകർക്കൊപ്പം നിന്നത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി.

സ്പെയിനിൽ നിന്നും പലപ്പോഴും വംശീയമായ അധിക്ഷേപം വിനീഷ്യസ് നേരിട്ടിട്ടുണ്ടെങ്കിലും അതിനെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അധിക്ഷേപം വലിയ രീതിയിൽ ചർച്ചകൾക്ക് വിധേയമായി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തു വന്നത് ബാഴ്‌സലോണ പരിശീലകനായ സാവിയും ഇതിൽ ഉൾപ്പെടുന്നു.

“വംശീയാധിക്ഷേപം പൊതുവെ സംഭവിക്കുന്നുണ്ട്. അതൊരു വലിയ നാണക്കേടാണ്, പ്രത്യേകിച്ചും 2023ലും അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ. താരങ്ങളോ ക്ലബുകളോ, ബാഡ്‌ജുകളോ നോക്കാതെ അതിനെ അപലപിക്കണം. വിനീഷ്യസിന് നേരിട്ട അധിക്ഷേപത്തിന് വലൻസിയ അത് ചെയ്യുന്നുണ്ട്. വംശീയചിന്ത തീർത്തും ഇല്ലാതാകേണ്ടത് അനിവാര്യമാണ്.” സാവി പറഞ്ഞു.

“മത്സരങ്ങൾ നിർത്തി വെക്കണമെന്ന് ഞാൻ എല്ലായിപ്പോഴും ചിന്തിക്കാറുണ്ട്. ഈ സ്പോർട്ടിൽ മാത്രമാണ് അധിക്ഷേപങ്ങളും സ്വീകരിക്കപ്പെടുന്നത്. നമ്മൾ ജോലി ചെയ്യുമ്പോൾ അവർ അധിക്ഷേപങ്ങൾ നടത്തുന്നത് കേൾക്കാം. ഒരു ബേക്കർക്കോ ജേർണലിസ്റ്റിനോ അങ്ങിനെയുണ്ടാകില്ല. അങ്ങിനെ സംഭവിക്കുമ്പോൾ മത്സരം നിർത്തിപോണം. ഇത് പ്രസിഡന്റിനും ഫെഡറേഷനുമുള്ള സന്ദേശമാണ്.” സാവി വ്യക്തമാക്കി.

അതേസമയം വിനീഷ്യസ് ലാ ലിഗയും സ്പെയിനും വംശീയാധിക്ഷേപം നടത്തുന്നവരുടെ ഇടമാണെന്ന വിമർശനം നടത്തിയത് സാവി അംഗീകരിച്ചില്ല. ഒരു വിഭാഗം ആളുകൾ അത്തരത്തിൽ ഉണ്ടെന്നും അതിനെ മറികടക്കാൻ എല്ലാവരും മാതൃകയായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

You Might Also Like