ആൻസലോട്ടിക്ക് പകരക്കാരനെ വേറെ തേടേണ്ടതില്ല, സിദാന്റെ മൂന്നാം വരവിനു പിന്തുണ നൽകി റയൽ മാഡ്രിഡ് ഇതിഹാസം

Image 3
La Liga

റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിലും ക്ലബിന് മികച്ച നേട്ടങ്ങൾ സമ്മാനിക്കാൻ കാർലോ ആൻസലോട്ടിക്ക് കഴിഞ്ഞിരുന്നു. ആദ്യത്ത വരവിൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ അദ്ദേഹം രണ്ടാമത്തെ വരവിലും ആ നേട്ടം ആവർത്തിക്കുകയുണ്ടായി. അതിനു പുറമെ മറ്റു കിരീടങ്ങളും അദ്ദേഹത്തിന് കീഴിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഈ സീസണിലും യൂറോപ്പിൽ സാധ്യമായ കിരീടങ്ങളെല്ലാം നേടാൻ കരുത്തുള്ള ടീമുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്.

എന്നാൽ ഈ സീസണിനപ്പുറം കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ ആൻസലോട്ടി സമ്മതം മൂളിയെന്നും, അതിനാൽ തന്നെ കരാർ അവസാനിച്ചയുടനെ അദ്ദേഹം റയൽ മാഡ്രിഡ് വിടുമെന്നുമാണ് നിലവിൽ പുറത്തു വരുന്ന സൂചനകൾ. അതിനാൽ തന്നെ ആൻസലോട്ടിക്ക് ഒരു പകരക്കാരനെ കണ്ടെത്തേണ്ടത് റയൽ മാഡ്രിഡിന് ആവശ്യമാണ്.

റയൽ മാഡ്രിഡിന്റെ ഇതിഹാസതാരമായ ഗുട്ടി കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പോർച്ചുഗീസ് പരിശീലകനായ മൗറീന്യോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുന്നതിൽ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം ഉണ്ടായിരുന്ന സമയത്തെ റയൽ മാഡ്രിഡിന്റെ കളി തന്നെ ബോറടിപ്പിച്ചു എന്നുമാണ് ഗുട്ടി പറഞ്ഞത്. അതേസമയം സിദാൻ റയലിന് എല്ലാ രീതിയിലും ചേരുന്ന പരിശീലകനാണെന്നും അദ്ദേഹത്തെ മൂന്നാം തവണയും തിരിച്ചു കൊണ്ടുവരണമെന്നും ഗുട്ടി വ്യക്തമാക്കി.

2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം പിന്നീട് ഇതുവരെ മറ്റൊരു ടീമിനെ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. നിരവധി ക്ലബുകൾ അൻപത്തിയൊന്നു വയസുള്ള താരത്തെ ചുറ്റിപറ്റി നടക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ റയൽ മാഡ്രിഡ് വിളിച്ചാൽ സിദാൻ അവിടേക്ക് തന്നെ പോകാനാണ് സാധ്യത. ആരാധകരും ഫ്രഞ്ച് താരത്തിന്റെ തിരിച്ചുവരവ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in