എവിടെ പോയി മഴവില്‍ ഫ്രീ കിക്കുകള്‍, ഖത്തര്‍ ലോകകപ്പില്‍ സെറ്റ് പീസ് ഗോളുകള്‍ക്ക് ക്ഷാമം

ലോകകപ്പ് ഫുട്‌ബോളിലെ മനോഹരദൃശ്യങ്ങളാണ് സെറ്റ് പീസ് ഗോളുകള്‍. അതില്‍ പ്രധാനം ഫ്രീകിക്കുകളിലെ അത്ഭുതങ്ങളാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ സൂപ്പര്‍താരങ്ങളടക്കംകളിച്ചിട്ടും ഇതുവരെ പിറന്നത് രണ്ട് ഫ്രീകിക്ക് ഗോളുകള്‍ മാത്രമാണ്.

ലോകകപ്പിലെ ആദ്യഫ്രീകിക്ക് വന്നത് 36ാം മത്സരത്തില്‍. വെയില്‍സിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നേറ്റതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു ഖത്തര്‍ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോള്‍. സൗദി അറേബ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെക്‌സിക്കോയുടെ ലൂയിസ് ചാവെസും പവര്‍ഫുള്‍ ഫ്രീകിക്ക് ഗോള്‍ നേടിയിരുന്നു.


2018 റഷ്യ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യക്കെതിരെ റഷ്യയുടെ ഗോളോവന്റെ അഞ്ചാംഗോള്‍ ഫ്രീകിക്കിലൂടെയായിരുന്നു. എന്നാല്‍ ഖത്തറില്‍ ലയണല്‍മെസിയും ക്രിസ്റ്റ്യാനോയുമടക്കമുള്ള താരങ്ങള്‍ ഫ്രീകിക്കില്‍ പരാജയപ്പെട്ടപ്പോള്‍ പ്രാഥമിക റൗണ്ടിലെ അവസാനമത്സരമെത്തേണ്ടിവന്നു ആദ്യ ഫ്രീകിക്കിന്. നേരത്തെ മൊറോക്കോ-ബെല്‍ജിയം മത്സരത്തില്‍ മൊറോക്കോയുടെ അല്‍സാബിരിയുടെ കിക്ക് വലിയിലായെങ്കിലും പിന്നീട് സഹതാരം റൊമെയിന്‍ സെയ്‌സിന്റെ ദേഹത്ത് തട്ടിയാണ് ഗോള്‍വന്നതെന്ന് തെളിഞ്ഞു.


ഡേവിഡ് ബെക്കാമിന്റെയും റോബര്‍ട്ടോ കാര്‍ലോസിന്റേയും പിന്‍മുറക്കാരായി നിരവധി താരങ്ങളാണ് ഖത്തറിന്റെ മണ്ണില്‍ പന്ത് തട്ടുന്നത്. എന്നാല്‍ ഫ്രീകിക്കിന്റെ മനോഹരകാഴ്ചകള്‍ അന്യമാകുകയാണ്. പലമത്സരങ്ങളുടേയും ഗതിനിര്‍ണയിക്കുന്നതില്‍ സെറ്റ് പീസുകള്‍ക്ക് വലിയപങ്കുണ്ട്.

എന്നാല്‍ അറേബ്യന്‍മണ്ണില്‍ ഗോള്‍ 50 പിന്നിട്ടെങ്കില്‍ അതില്‍ ഒന്നുമാത്രമാണ് ഫ്രീകിക്ക് ഗോളായി മാറിയത്. ലോകകപ്പില്‍ ഉപയോഗിക്കുന്ന അല്‍ റിഹ്ലപന്ത് വായുവില്‍ വേഗത്തില്‍ സഞ്ചരിക്കുന്നതും കൃത്യതയുള്ളതുമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഫ്രീകിക്കില്‍ ഗോള്‍വരാതായതോടെ പന്തിന്റെ വേഗവും കൃത്യതയുമെല്ലാം വിമര്‍ശനവിധേയമായിട്ടുണ്ട്.

You Might Also Like