ഗോകുലത്തിലേക്ക് തകര്‍പ്പന്‍ താരം, മലബാരിയന്‍സ് ഒരുങ്ങി തന്നെ

Image 3
Football

മലയാളി താരം ഫസലുറഹ്മാനുമായി കരാര്‍ ഒപ്പിട്ട് കേരളത്തിലെ ഏക ഐലീഗ് ക്ലബ് ഗോകുലം എഫ്‌സി. മലപ്പുറം സ്വദേശിയായ ഫസലുറഹ്മാന്‍ ഇരുവിംഗുകളിലും കളിക്കുന്ന താരമാണ്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പന്ത് തട്ടിയിട്ടുളള താരം കേരള പ്രീമിയര്‍ ലീഗിലും ത്രുപുര ലീഗിലുമെല്ലാം കളിച്ചിട്ടുണ്ട്.

ത്രിപുര ലീഗിലെ ടോപ് സ്‌കോററായിരുന്നു ഫസലുറഹ്മാന്‍. സാറ്റ് തിരൂരിനായി കളിച്ച് പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ച ഫസലു ബാംഗ്ലൂര്‍ സൂപ്പര്‍ ഡിവിഷന്‍ ചാമ്പ്യന്‍സ് ആയ ഓസോണ്‍ എഫ് സിയിലും കളിച്ചിട്ടുണ്ട്. സാറ്റ് തീരൂരിനു വേണ്ടി താരം രണ്ടു സീസണുകളില്‍ ആയി 9 ഗോളുകള്‍ കേരള പ്രീമിയര്‍ ലീഗില്‍ സ്‌കോര്‍ ചെയ്തിരുന്നു.

ത്രിപുരയ്ക്കായാണ് സന്തോഷ് ട്രോഫിയില്‍ ഫസലുറഹ്മാന്‍ ബൂട്ടണിഞ്ഞത്. കേരളത്തിന്റെ ഭാവി താരങ്ങളില്‍ ഒരാളായാണ് ഫസലുവിനെ വിലയിരുത്തുന്നത്.

‘നമ്മുടെ സ്വന്തം നാട്ടിലെ ക്ലബ് ആയ ഗോകുലത്തിനു വേണ്ടി സൈന്‍ ചെയ്തതില്‍ അതിയായ സന്തോഷം ഉണ്ട്. ഐ ലീഗില്‍ സ്ഥിരമായി കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം’ ഫസ്ലുറഹ്മാന്‍ പറഞ്ഞു.

‘ഇപ്പോള്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു കളിക്കാരന്‍ ആണ് ഫസ്ലു. കേരള പ്രീമിയര്‍ ലീഗിലും, സന്തോഷ് ട്രോഫിയിലും ഫസലുവിന്റെ പ്രകടനം എടുത്തു പറയേണ്ടത് ആണ്. നല്ല വേഗതയും സ്‌കില്ലും ഉള്ള കളിക്കാരനാണ് അവന്‍. മാത്രവുമല്ല ഗോള്‍ നേടുവാനുളള കഴിവുമുണ്ട്,” ഗോകുലം കേരള എഫ് സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് പറഞ്ഞു.