റയൽ ഭീഷണി സിറ്റി അതിജയിക്കും, തുറന്ന് പറഞ്ഞ് വെയ്ൻ റൂണി

റയൽ മാഡ്രിഡുമായി ഓഗസ്റ്റ് എട്ടിന് ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയസാധ്യത എത്രത്തോളമുണ്ടെന്ന് വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണി. പ്രമുഖ മാധ്യമമായ സൺടേ ടൈംസിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി പലപ്പോഴും വമ്പൻ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഗോളുകൾ വഴങ്ങുന്നത് സാധാരണമാണെന്നും അവരുടെ സെൻട്രൽ ഡിഫൻഡേഴ്സിനെയാകും റയൽ മാഡ്രിഡ്‌ ലക്ഷ്യം വെക്കുകയെന്നും റൂണി അഭിപ്രായപ്പെട്ടു.
റയൽ മാഡ്രിഡുമായുള്ള ആദ്യപാദത്തിൽ 2-1നു വിജയം നേടിയെങ്കിലും റയൽ മാഡ്രിഡിനെതിരെ സിറ്റി ഉപയോഗിച്ച തന്ത്രം വ്യത്യസ്തമായിരുന്നുവെന്നും റൂണി അഭിപ്രായപ്പെട്ടു. ഇതു വരെ പെപ്‌ ഗാർഡിയോള തന്റെ ടീമിനെ പുറകിലേക്ക് വലിഞ്ഞു കളിപ്പിക്കുന്നത് കണ്ടിട്ടില്ലെന്നും റൂണി വെളിപ്പെടുത്തി.

സിദാന്റെ റയൽ മാഡ്രിഡ്‌ ബോൾ കൂടുതൽ പാസ്സ് ചെയ്തു കളിക്കുന്ന ടീമുകളോട് പുറംവലിഞ്ഞാണ് കളിക്കാറുള്ളതെന്നും അവസരം കിട്ടുമ്പോൾ പ്രത്യാക്രമണത്തിലൂടെ ഗോൾ കണ്ടെത്താനാണ് ശ്രമിക്കാറുള്ളതെന്നും റൂണി സൺ‌ഡേ ടൈംസിനു വേണ്ടി കുറിച്ചു.

­

എന്നിരുന്നാലും തന്റെ അഭിപ്രായത്തിൽ ഇപ്പോൾ സിറ്റിക്കാണ് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത കൂടുതൽ കാണുന്നതെന്നും സ്കോർ ചെയ്തില്ലെങ്കിലും അഥവാ ഒരു ഗോൾ വഴങ്ങിയാലും സിറ്റിക്ക് റയൽ മാഡ്രിഡിനെ മറികടക്കാനാവുമെന്നും റൂണി ചൂണ്ടിക്കാട്ടി. ആദ്യപാദത്തിൽ റയൽ മാഡ്രിഡിനോടുള്ള സിറ്റിയുടെ പിൻവലിഞ്ഞു കളിക്കുന്ന സമീപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും റൂണി കൂട്ടിച്ചേർത്തു.

ഇതു തന്നെ എതിഹാദിലും പെപ്പും സംഘവും പിന്തുടരാനാണ് സാധ്യതയെന്നാണ് റൂണി പ്രതീക്ഷിക്കുന്നത്. സെർജിയോ റാമോസ് സസ്പെന്ഷൻ മൂലം കളിക്കാനില്ലാത്തത് സിറ്റിക്ക് ഗുണകരമാവുമെന്നും സിറ്റി ഗോളുകൾ നേടുമെന്നും റൂണി എഴുതി. ചാമ്പ്യൻസ്‌ലീഗ് സ്വന്തമാക്കാൻ ഇതു പോലൊരു മികച്ച അവസരം സിറ്റിക്ക് ഇനി ലഭിക്കുകയില്ലെന്നും റൂണി അഭിപ്രായപ്പെട്ടു.

You Might Also Like