ചുവപ്പ് കാര്‍ഡ് നല്‍കിയതിന് റഫറിയെ ചവിട്ടികൂട്ടി റഷ്യന്‍ താരം, അമ്പരപ്പിക്കുന്ന വീഡിയോ കാണാം

Image 3
FeaturedFootball

ചുവപ്പ് കാർഡ് ലഭിച്ചതിൽ രോഷാകുലനായി റഫറിയെ ആക്രമിച്ച് മുൻ റഷ്യൻ നായകൻ കളിക്കളം വിട്ടു. തിങ്കളാഴ്ച്ച നടന്ന മത്സരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. മുൻ റഷ്യൻ നായകനും സെനിത് സെന്റ് പീറ്റേഴ്സ് ബർഗിന്റെ ഇതിഹാസവുമായ റോമൻ ഷിറോക്കോവ് ആണ് നിയന്ത്രണം വിട്ട് റഫറിയായ നികിറ്റ ഡാൻചെങ്കോയെ മാരകമായി മർദിച്ചത്.

മോസ്‌കോ സെലിബ്രിറ്റി കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് ഈ സംഭവവികസങ്ങൾക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. തങ്ങൾക്ക് അനുകൂലമായി പെനാൽറ്റി റഫറി നിഷേധിച്ചതിൽ താരം റഫറിയോട് രോഷാകുലനായി കയർക്കുകയായിരുന്നു. ഇതോടെ റഫറി താരത്തിന് റെഡ് കാർഡ് കാണിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഷിറോക്കോവ് നിയന്ത്രണം വിട്ട് റഫറിയുടെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയായിരുന്നു.

ഇടികൊണ്ട് നിലതെറ്റി നിലത്തുവീണ റഫറിയുടെ വയറിന്മേൽ കൂടുതൽ തവണ താരം ചവിട്ടുകയും ചെയ്തു. ഉടനെ താരങ്ങൾ എല്ലാവരും ചേർന്ന് ഷിറോക്കോവിനെ പിടിച്ചു മാറ്റുകയും റഫറി നികിത ഡാൻചെങ്കോയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. റഫറിയുടെ കൺപിരികത്തിനുമേൽ മുറിവും സാരമായ രീതിയിൽ പരിക്കുമേറ്റിട്ടുണ്ട്. നാലര മണിക്കൂറോളം ആശുപത്രിയിലും എമർജൻസി റൂമിലുമായി തനിക്ക് ചിലവഴിക്കേണ്ടി വന്നുവെന്ന് റഫറി വെളിപ്പെടുത്തി.

ഏതായാലും സംഭവം വിവാദമായതോടെ മുൻ റഷ്യൻ നായകൻ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും താനാണ് തെറ്റുകാരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരത്തിനെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്ന് ഫുട്ബോൾ അധികൃതർ അറിയിച്ചിട്ടുണ്ട്. റഷ്യക്ക് വേണ്ടി 57 മത്സരങ്ങൾ കളിച്ച താരമാണ് ഇത്രയും മോശമായ രീതിയിൽ കളിക്കളത്തിൽ പെരുമാറിയത്.