സീസൺ മോശമായെങ്കിലും വിനീഷ്യസിന് കോളടിച്ചു, താരത്തെ കാത്തിരിക്കുന്നത് വമ്പൻ ഓഫർ

റയൽ മാഡ്രിഡിലെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ നടത്തുന്നത്. കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ താരം റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഈ സീസണിലും സമാനമായ പ്രകടനം തന്നെയാണ് താരം നടത്തുന്നത്.

മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും റയൽ മാഡ്രിഡിന് ഈ സീസണിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കി നൽകാൻ വിനീഷ്യസിന് കഴിഞ്ഞില്ല. ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ അടിയറവ് വെച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടും അടിയറവ് പറഞ്ഞു. കോപ്പ ഡെൽ റേ കിരീടം മാത്രമാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

സീസണിൽ റയൽ മാഡ്രിഡിന്റെ നേട്ടങ്ങൾ കുറവാണെങ്കിലും വിനീഷ്യസ് ജൂനിയറിനെ കാത്ത് വലിയൊരു നേട്ടമാണ് വരാനിരിക്കുന്നത്. ബ്രസീലിയൻ താരം ടീമിനായി നടത്തുന്ന മികച്ച പ്രകടനം പരിഗണിച്ച് കരാർ പുതുക്കി നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയാണ്. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ 2027 വരെ നീട്ടാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കരാർ നീട്ടിയാൽ ഒരു സീസണിൽ ഇരുപതു മില്യൺ യൂറോ വിനീഷ്യസിന് പ്രതിഫലമായി ലഭിക്കും. ഇതോടെ റയൽ മാഡ്രിഡിലെ പ്രധാന താരങ്ങളായ കരിം ബെൻസിമ, ടോണി ക്രൂസ് എന്നിവരേക്കാൾ പ്രതിഫലം വാങ്ങുന്ന താരമായി വിനീഷ്യസ് മാറും. റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് വിനീഷ്യസ് ജൂനിയർ ആഗ്രഹിക്കുന്നത്.

ഇരുപത്തിരണ്ടു വയസുള്ള വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിലും ഈ സീസണിലും നാൽപ്പതിലധികം ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് വിനീഷ്യസിനെ വിലയിരുത്തുന്നത്. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയും.

You Might Also Like