ബ്രസീലിയൻ സഖ്യം നിറഞ്ഞാടിയപ്പോൾ റയലിന് മറ്റൊരു കിരീടം കൂടി

ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഗംഭീര പ്രകടനം നടത്തിയപ്പോൾ കോപ്പ ഡെൽ റേ ഫൈനലിൽ റയൽ മാഡ്രിഡിന് വിജയം. ഒസാസുനക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഇതോടെ ലാ ലിഗയിൽ തിരിച്ചടികൾ നേരിടുന്നതിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ റയൽ മാഡ്രിഡിന് കഴിയും.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തിയിരുന്നു. വിനീഷ്യസ് ജൂനിയർ മനോഹരമായൊരു മുന്നേറ്റം നടത്തി റോഡ്രിഗോക്ക് പന്ത് കൈമാറിയപ്പോൾ അത് വലയിലേക്ക് എത്തിക്കേണ്ട ചുമതല മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഒസാസുന പൊരുതിയെങ്കിലും ആദ്യപകുതിയിൽ ഗോളുകൾ അകന്നു നിന്നു.

രണ്ടാം പകുതിയിൽ ഒസാസുന തിരിച്ചടിച്ചു. അമ്പത്തിയെട്ടാം മിനുറ്റിൽ ലൂക്കാസ് ടോറെയാണ് ടീമിന് പ്രതീക്ഷ നൽകിയത്. എന്നാൽ അധികനേരം ആ സന്തോഷം നീണ്ടു നിന്നില്ല. എഴുപതാം മിനുട്ടിൽ റോഡ്രിഗോ ടീമിന്റെ വിജയഗോൾ നേടി. വിനീഷ്യസ് തന്നെ നടത്തിയ മികച്ചൊരു മുന്നേറ്റം ഒസാസുന താരങ്ങൾ ക്ലിയർ ചെയ്‌തെങ്കിലും പിന്നീട് പന്ത് ലഭിച്ച റോഡ്രിഗോ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

ഈ രണ്ടു താരങ്ങളെ സംബന്ധിച്ച് വലിയൊരു നേട്ടം കൂടിയാണ് കോപ്പ ഡെൽ റേയിലൂടെ സ്വന്തമാക്കിയത്. ഇരുപത്തിരണ്ടാം വയസിൽ തന്നെ ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും ഇവർ സ്വന്തമാക്കി. രണ്ടു ലാ ലിഗയും രണ്ടു സ്‌പാനിഷ്‌ സൂപ്പർകപ്പും, ഒരു ചാമ്പ്യൻസ് ലീഗും, ഒരു ക്ലബ് ലോകകപ്പും ഒരു യുവേഫ സൂപ്പർകപ്പും ഇപ്പോൾ കോപ്പ ഡെൽ റേയും ഇവർ സ്വന്തമാക്കി.

ഈ പ്രായത്തിൽ തന്നെ ടീമിന്റെ പ്രധാന താരങ്ങളായി മാറിയ ഇവർ ഇനിയും മെച്ചപ്പെടുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിന്റെ ഭാവി ഭദ്രമാണെന്ന് കരുതാം. ഇനി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി ഈ താരങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും.

You Might Also Like