വലന്‍സിയക്കെതിരെ റയല്‍താരം വിനീഷ്യസ് ജൂനിയര്‍ ധരിച്ചത് കറുത്തബൂട്ട്; കാരണമിതാണ്

മാഡ്രിഡ്: കളിക്കളത്തിലും പുറത്തും എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതാരമാണ് ബ്രസീല്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍. പലപ്പോഴും കടുത്തവിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരം. ഇന്നലെ സ്പാനിഷ് ലീഗായ ലാലീഗയില്‍ വലന്‍സിയക്കെതിരെ വിനീഷ്യസ് ഇറങ്ങിയത് കറുപ്പ് ബൂട്ട് ധരിച്ചായിരുന്നു. ആദ്യപകുതിയിലാണ് താരം ഇത്തരത്തില്‍ വ്യത്യസ്തമായെത്തിയത്. പ്രമുഖ സ്‌പോര്‍ട്‌സ് ഷൂ നിര്‍മാണ കമ്പനിയായ നൈക്കിയുമായുള്ള തര്‍ക്കമാണ് 22കാരനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

എന്നാല്‍ രണ്ടാംപകുതിയില്‍ നൈക്കിയുടെ ബൂട്ട്ധരിച്ച് കളിക്കാനെത്തുകയും ചെയ്തു. മത്സരത്തില്‍ ഗോള്‍നേടി റയല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും ബ്രസീല്‍ സൂപ്പര്‍താരമായിരുന്നു. 54ാം മിനിറ്റിലാണ് കരിം ബെന്‍സിമയുടെ പാസില്‍ ഗോള്‍ സ്‌കോര്‍ചെയ്തത്. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് റയലിന്റെ ജയം. മാര്‍ക്കോസ് അസന്‍സിയോയും ലക്ഷ്യംകണ്ടു. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം അഞ്ചാക്കി കുറക്കാനും നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി.


2013 മുതല്‍ നൈക്കിയുമായി വിനീഷ്യസ് കരാറിലെത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനിയുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കാന്‍ താരം സന്നദ്ധനായിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹരിക്കാനായില്ല. ഇതിന്റെ പ്രതിഷേധമെന്നോണമാണ് വിനീഷ്യസ് ആദ്യപകുതിയില്‍ ഇത്തരത്തില്‍ ബ്ലാക് ബൂട്ട് ധരിച്ചെത്തിയത്. മറ്റൊരു ബ്രാന്‍ഡുമായി താരം ഉടന്‍ കരാറിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 മുതല്‍ റയല്‍മാഡ്രിഡിന് വേണ്ടി കളിക്കുന്ന യുവതാരം ഇതിനകം 136 മത്സരങ്ങളില്‍ നിന്നായി 32 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ദേശീയടീമില്‍ ഇതുവരെ 20 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്.

You Might Also Like