വിനീഷ്യസ് റയലിന്റെ സ്വന്തം, കരിയർ ക്ലബിൽ തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ഏജന്റ്

ബാഴ്‌സലോണയുടെ നീക്കങ്ങളെ മറികടന്നാണ് വിനീഷ്യസ് ജൂനിയറിനെ ഏതാനും വർഷങ്ങൾക്കു മുൻപ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒന്നു പതറിയെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം താരത്തിന്റെ കരിയറിൽ വെച്ചടി വെച്ചടി കയറ്റമാണ്. കഴിഞ്ഞ രണ്ടു സീസണിലെയും മികച്ച പ്രകടനം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിനീഷ്യസിനെ മാറ്റിയിട്ടുണ്ട്.

2027 വരെ റയൽ മാഡ്രിഡുമായി കരാറുണ്ടെങ്കിലും കിലിയൻ എംബാപ്പയെ ടീമിലെത്തിക്കാൻ ക്ലബിന് ആഗ്രഹമുള്ളത് വിനീഷ്യസിന്റെ ഭാവിയെ ബാധിക്കുമെന്നും താരം ക്ലബ് വിടാൻ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരു ബില്യൺ യൂറോ റിലീസ് ക്ലോസുള്ള താരം റയൽ മാഡ്രിഡിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഏജന്റായ ഫ്രഡറികോ പെന പറയുന്നത്.

“വിനീഷ്യസ് റയൽ മാഡ്രിഡുമായി വളരെ അടുപ്പത്തിലാണുള്ളത്, താരം അവിടെ വളരെ സന്തോഷത്തിലുമാണ്. വളരെ അനായാസതയോടെ ക്ലബിനെ സ്നേഹിച്ച് താരം അവിടെ നിൽക്കുന്നു. നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിനൊപ്പമുള്ള വിനീഷ്യസ് ഒരു പക്വതയുള്ള മനുഷ്യനായി മാറിയത് അവിടെ നിന്നുമാണ്.”

“ഒരുപാട് വർഷം ഒരേ ക്ലബിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഒരു താരമായിരിക്കും വിനീഷ്യസ് എന്നു ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുകയാണ്. റയലിനൊപ്പം പതിനഞ്ചു വർഷങ്ങളോളം തുടർന്ന് ചരിത്രം കുറിക്കുകയാണ് വിനീഷ്യസ് ഇപ്പോൾ ലക്‌ഷ്യം വെക്കുന്നത്.” ഫ്രഡറികോ പെന പറഞ്ഞു.

ഇന്ന് രാത്രി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിന്റെ പ്രതീക്ഷ വിനീഷ്യസിലാണ്. ഏതു പ്രതിരോധത്തെയും പിളർത്താൻ കഴിവുള്ള താരത്തിന്റെ കൂടി മികവിലാണ് റയൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. അത് ഇത്തവണയും ആവർത്തിക്കാമെന്നാണ് അവർ കണക്കു കൂട്ടുന്നത്.

You Might Also Like