യൂറോപ്പയിൽ ചരിത്രം കുറിച്ച് വിയ്യാറയൽ, പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ ഫൈനലുകളിൽ 15ൽ പതിനഞ്ചും വിജയിച്ച് ലാലിഗ ക്ലബ്ബുകൾ

Image 3
Europa LeagueFeaturedFootball

മാഞ്ചസ്റ്റർ യൂണൈറ്റഡുമായി നടന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ 90 മിനുട്ടിൽ വിയ്യാറയലിന്റെ ജെറാർഡ് മൊറേനോയുടെ ഗോളിനു യുണൈറ്റഡിന്റെ എഡിൻസൺ കവാനി സമനില ഗോൾ കണ്ടെത്തിയതിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

എന്നാൽ അനുവദിച്ച അധിക സമയത്തും സമനില തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൃത്യതയോടും ആത്മവിശ്വാസത്തോടെയും എങ്ങനെ പെനാൽറ്റിയെടുക്കാമെന്നുള്ള ഒരു കടുത്ത മത്സരം തന്നെയാണ് പിന്നീട് വീക്ഷിക്കാനായത്. എടുത്ത പത്തിൽ പത്തും വലയിലെത്തിച്ചതോടെ അവസാന ശ്രമം ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ തമ്മിലായിരുന്നു.

വിയ്യാറയലിന്റെ പതിനൊന്നാമത്തെ കിക്കെടുത്ത അർജന്റൈൻ ഗോൾകീപ്പർ ജെറോണിമോ റൂളി കൃത്യമായി വലയിലെത്തിക്കുകയും യുണൈറ്റഡിന്റെ ഡേവിഡ് ഡെഹെയ പാഴാക്കുകയും ചെയ്തതോടെ കിരീടം വിയ്യാറയൽ ഉറപ്പിക്കുകയായിരുന്നു. ലീഗിൽ ഏഴാം സ്ഥാനത്തു യൂറോപ്പ യോഗ്യത പോലും ലഭിക്കാതെ കിടന്ന വിയ്യാറയൽ ഇതോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ്‌ലീഗിന് യോഗ്യത നേടിയിരിക്കുകയാണ്.

ഇതോടെ പരിശീലകനായി ചരിത്രത്തിലെ നാലാം യൂറോപ്പ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് വിയ്യാറയലിന്റെ ഉനൈ എമ്രി. സെവിയ്യക്കൊപ്പം ഇതിനു മുൻപ് മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ എമ്രി ഇതോടെ യൂറോപ്പ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടം നേടുന്ന പരിശീലകനെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. വിയ്യാറായാൽ യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗ് ടീമുകൾക്കെതിരായ പതിനഞ്ചിൽ പതിനഞ്ചു യൂറോപ്യൻ ഫൈനലുകളിലും ലാലിഗ ക്ലബ്ബുകൾക്ക് വിജയം സ്വന്തമാക്കാനായി എന്നതാണ് മറ്റൊരു വസ്തുത. ഇതിനു മുൻപ് ചെൽസിക്ക് മാത്രമാണ് ഫൈനലിൽ ഉനൈ എമ്രിയെ പരാജയപ്പെടുത്താൻ സാധിച്ചിട്ടുള്ളത്.