ആ മലയാളി താരത്തെ എനിയ്ക്ക് കിട്ടിയിരുന്നെങ്കില്‍.. റൂമറുകള്‍ക്ക് ശക്തിപകര്‍ന്ന് വികൂന
മോഹന്‍ ബഗാന്റെ മലയാളി താരം വിപി സുഹൈറിനെ പ്രശംസ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. വിപി സുഹൈറിന്റെ കളി തനിയ്ക്ക് ഇഷ്ടമാണെന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് സുഹൈര്‍ എത്തുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറയുന്നു. മനോമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വികൂന ഇക്കാര്യം പറഞ്ഞത്.
അതെസമയം മോഹന്‍ ബഗാന്റെ സൂപ്പര്‍ താരമായി സുഹൈറുമായി കേരള ബ്ലാസറ്റേഴ്സ് കരാറിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളാണ് സുഹൈര്‍ ബ്ലാസ്റ്റേഴ്സിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഹൈര്‍ ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്നായിരുന്നു ഇതുവരെ ഊഹാപോഹം. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഓഫറെത്തിയതോടെ സുഹൈര്‍ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവത്രെ
യുനൈറ്റഡ് എസ് സിയിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച സുഹൈര്‍ പിന്നീട് രണ്ട് സീസണില്‍ ഗോകുലത്തിനായി ബൂട്ടുകെട്ടി. അവിടെ നിന്നും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടി ശ്രദ്ധയേനായിരുന്നു. പിന്നീട് ലോണില്‍ ഗോകുലത്തിലെത്തിയ സുഹൈറിനെ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ റാഞ്ചുകയായിരുന്നു.
ബഗാനു വേണ്ടി നിര്‍ണായക ഗോളുകള്‍ നേടിയും ഗോളുകള്‍ ഒരുക്കിയും സുഹൈര്‍ ഈ സീസണില്‍ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈര്‍ മുത്തമിട്ടു. നിലവിലെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂനയായിരുന്നു സുഹൈബിനെ ബഗാനില്‍ പരിശീലിപ്പിച്ചത്.
പാലക്കാട് സ്വദേശിയായ സുഹൈര്‍ സന്തോഷ് ട്രോഫിയിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. 28കാരനായ മലയാളി സ്ട്രൈക്കറുടെ ഈ വരവ് ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.