ആക്രമണനിര ശക്തമാക്കാൻ റയൽ സൂപ്പർതാരത്തിനായി മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ
സമ്മർ ട്രാൻസ്ഫറിൽ ഡോണി വാൻ ഡി ബീക്കിനെ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തം തട്ടകത്തിലെത്തിക്കാൻ പറ്റിയുള്ളു. സീസണിന്റെ തുടക്കത്തിൽ തന്നെ ആശാവഹമല്ലാത്ത പ്രകടനമാണ് യുണൈറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പരിശീലകൻ സോൾഷ്യാർ സഞ്ചോയടക്കമുള്ള താരങ്ങളിൽ താല്പര്യം അറിയിച്ചെങ്കിലും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് തലവേദനയാവുന്നത്.
ഇപ്പോഴിതാ പരിശീലകൻ സോൾഷ്യാർ മുന്നേറ്റനിരയിലേക്ക് ഒരു താരത്തെ നോട്ടമിട്ടിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ സെർബിയൻ സ്‌ട്രൈക്കർ ലൂക്ക ജോവിച്ചിനെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. നിലവിലെ അക്രമണനിരയിൽ മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, യുവതാരം മാസോൺ ഗ്രീൻവുഡ് എന്നിവർക്കിടയിലേക്ക് ഒരു മത്സരമായിട്ടാണ് ജോവിച്ചിനെ സോൾക്ഷേർ പരിഗണിച്ചിരിക്കുന്നത്.
Manchester United linked with loan swoop for Real Madrid forward Luka Jovic https://t.co/qTI7GtN821
— Football España (@footballespana_) September 29, 2020
ഒക്ടോബറിൽ ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ റയൽ മാഡ്രിഡിൽ നിന്നും ക്ലബ്ബ് വിടാൻ സാധ്യതയുള്ള ഏകതാരമാണ് ജോവിച്ച്. റയൽ മാഡ്രിഡിൽ താരത്തിനു കിട്ടിയ അവസരങ്ങളിൽ തിളങ്ങാൻ കഴിയാതെ വന്നതിൽ സിദാനിൽ നിരാശയുണ്ടാക്കിയിരുന്നു. അക്രമണനിരയിൽ ഗോളുകൾ കുറയുന്നതും സിദാന് തലവേദനയാവുന്നുണ്ട്.
റയലിനു മുൻപു തന്നെ എസി മിലാനും താരത്തിനായി രംഗത്തുണ്ട്.കൂടാതെ റോമ, ഇന്റർമിലാൻ എന്നിവരും താരത്തെ ലക്ഷ്യമിട്ടിരുന്നു. താരത്തെ വിൽക്കുന്നതിനു പകരം ലോണിൽ പറഞ്ഞയക്കാനാണ് റയലിന്റെ നീക്കം. ഒപ്പം പോർട്ടോയുടെ അലക്സ് ടെല്ലസിനെയും യുണൈറ്റഡ് ഈ ട്രാൻസ്ഫറിൽ സ്വന്തം തട്ടകത്തിലെത്തിക്കാനും നീക്കമുണ്ട്.