യൂറോപ്യൻ ഫുട്ബോൾ രണ്ടു തട്ടിലേക്ക്, ചാമ്പ്യൻസ്‌ലീഗിന്റെ അന്തകനായി യൂറോപ്യൻ സൂപ്പർലീഗ് വരുന്നു

Image 3
Champions LeagueFeaturedFootball

യൂറോപ്യൻ ഫുട്ബോൾ ഇനി രണ്ടു തട്ടിലേക്ക്. ഫിഫയുടെയും യുവേഫയുടെയും നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് യൂറോപ്പിലെ 12 പ്രമുഖ വമ്പൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാമ്പ്യൻസ്‌ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഫിഫയും യുവേഫയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.

ലാലിഗയിൽ നിന്നും റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ്‌ ത്രയവും, പ്രീമിയർലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്‌സണൽ,മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ എന്നിങ്ങനെ ആറു വമ്പന്മാരും, ഇറ്റാലിയൻ ലീഗിൽ നിന്നും എസി മിലാൻ,യുവന്റസ്, ഇന്റർമിലാൻ എന്നിങ്ങനെ മൂന്നു ശക്തികളും ചേർന്നാണ് സൂപ്പർലീഗിന് പദ്ധതിയിടുന്നത്. ഇതിന്റെ ഇതിന്റെ സ്ഥാപകക്ലബ്ബുകൾക്ക് 3.5 ബില്യൺ യൂറോ ആദ്യ പ്രതിഫലമായി ലഭിച്ചേക്കും.

അതായത് ഒരു ക്ലബ്ബിന് 450 മില്യൺ യൂറോ വരെ യൂറോപ്യൻ സൂപ്പർലീഗിൽ ചേരുന്നതിനു മാത്രം ലഭിക്കും. ലീഗ് തുടങ്ങിയാൽ മൂന്നു ക്ലബ്ബുകളെക്കൂടി ഇതിലേക്ക് ക്ഷണിക്കുകയും മൊത്തത്തിൽ 15 ക്ലബ്ബുകളുമായി ഉദ്‌ഘാടനസീസണിൽ സൂപ്പർ ലീഗ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൂപ്പർലീഗിന്റെ നടത്തിപ്പുകാരായി ഇതിൽ ചേർന്ന എല്ലാ ക്ലബ്ബുകൾക്കും അടുത്ത സീസണിലേക്കു സ്വാഭാവികമായി യോഗ്യത ലഭിക്കുകയും ലീഗ് ഫുട്ബോളിനിടക്ക് മറ്റൊരു ലീഗെന്ന നിലയിൽ സൂപ്പർലീഗ് നടത്തുമെന്നുമാണ് സ്ഥാപകർ അറിയിക്കുന്നത്. എന്നാൽ ഈ ലീഗിൽ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബിലെയും താരങ്ങളെ ഫിഫയും യുവേഫയും വിലക്കുമെന്നും അവരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ലെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിലക്കുകൾ അവഗണിച്ചു കൊണ്ട് ഈ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോവാനാണ് ക്ലബ്ബുകളുടെ തീരുമാനം.