രണ്ടു ബാഴ്‌സലോണ താരങ്ങളുടെ നിലപാട് മെസിയെ തിരിച്ചെത്തിക്കുന്നതിനു തടസമാകുന്നു

ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ മുന്നോട്ടു നീക്കുകയാണ് ബാഴ്‌സലോണ. രണ്ടു വർഷങ്ങൾക്കു മുൻപ് ക്ലബ് വിടേണ്ടി വന്ന താരത്തിന്റെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുമെന്നതിനാൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണക്ക് ലഭിച്ച അവസാനത്തെ അവസരമാണ് വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകം.

എന്നാൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരുന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മെസി തിരിച്ചു വരാൻ നിലവിലെ ചില താരങ്ങളെ വിൽക്കുകയും ടീമിന്റെ വേതനബിൽ കുറക്കുകയും വേണം. അതിനു ശ്രമം ക്ലബ് നടത്തുകയാണ്.

എന്നാൽ ലയണൽ മെസിയുടെ തിരിച്ചുവരവിന് സഹായിക്കാൻ വേണ്ടി തങ്ങളുടെ വേതനം കുറക്കാൻ കഴിയില്ലെന്ന നിലപാടാണ് ബാഴ്‌സലോണയിലെ രണ്ടു താരങ്ങൾക്കുള്ളത്. പ്രതിരോധനിര താരമായ ക്രിസ്റ്റൻസെൻ, മധ്യനിര താരം ഫ്രാങ്ക് കെസി എന്നിവരാണ് വേതനം കുറക്കാനുള്ള ആവശ്യത്തെ നിരാകരിക്കുന്നത്.

ഈ രണ്ടു താരങ്ങളും കഴിഞ്ഞ സമ്മറിൽ ഫ്രീ ഏജന്റായാണ് ബാഴ്‌സലോണ ടീമിൽ എത്തിയത്. മികച്ച ഓഫറുകൾ പലതും ഇവർ ബാഴ്‌സക്കായി തള്ളിക്കളയുകയും ചെയ്‌തു. ഒരു സീസൺ കഴിയും മുൻപേ കരാറിൽ മാറ്റങ്ങൾ വരുത്തുന്നത് ശരിയല്ലെന്നാണ് ഈ താരങ്ങളുടെ നിലപാട്. മെസിയെ സ്വന്തമാക്കാൻ ബാഴ്‌സ മറ്റു വഴികൾ തേടണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ലാ ലീഗയുടെ കടുംപിടുത്തമാണ് മെസിയെ സ്വന്തമാക്കുന്നതിൽ ബാഴ്‌സയ്ക്ക് സങ്കീർണതകൾ നൽകുന്നത്. അവരുമായി ധാരണയിൽ എത്താനാണ് ബാഴ്‌സലോണ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ല. അതേസമയം ബാഴ്‌സയുടെ നിലപാട് അറിയാൻ വേണ്ടിയാണ് മെസി കാത്തിരിക്കുന്നത്.

You Might Also Like