ബാഴ്സയിൽ കളിക്കും മുൻപേ ബാഴ്സ താരത്തിന് കൂറ്റൻ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്

Image 3
FeaturedFootball

അടുത്ത സീസണു മുന്നോടിയായി ബാഴ്സലോണ സ്വന്തമാക്കിയ പോർച്ചുഗീസ് യുവതാരം ഫ്രാൻസിസ്കോ ട്രിൻകാവോക്ക് വമ്പൻ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്. കാറ്റലൻ മാധ്യമമായ സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം അറുപതു ദശലക്ഷം യൂറോയുടെ ഓഫറാണ് ഒരു പ്രീമിയർ ലീഗ് ക്ലബ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബാഴ്സക്കു മുന്നിൽ വച്ചിരിക്കുന്നത്.

ജനുവരിയിലാണ് പോർച്ചുഗൽ U21 താരമായ ട്രിൻകാവോയെ സ്വന്തമാക്കാനുള്ള കരാർ ബാഴ്സ ഒപ്പു വച്ചത്. 31 ദശലക്ഷം യൂറോയാണ് ട്രാൻസ്ഫറിനായി ബാഴ്സ നൽകിയത്. 500 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസുള്ളതിനാൽ മറ്റു ക്ലബുകൾക്ക് ട്രിൻകാവോയെ സ്വന്തമാക്കുക അത്രയെളുപ്പമല്ല. അഞ്ചു വർഷത്തെ കരാറാണ് താരം ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നത്.

2018ൽ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ ട്രിൻകാവോ നിരവധി യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആ വർഷം യൂറോപ്യൻ U19 ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോററായ താരം പോർച്ചുഗലിനു കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. ഈ സീസണിൽ ബ്രാഗയുടെ കുതിപ്പിനും ടാകാ ഡെ പോർച്ചുഗൽ കിരീടം പോർട്ടോയെ തോൽപിച്ചു നേടാനും താരത്തിന്റെ പ്രകടനം സഹായിച്ചു.

ട്രിൻകാവോയുടെ പ്രകടനം മെച്ചപ്പെട്ടതു കൊണ്ട് ലോണിൽ താരത്തെ വിടാൻ ബാഴ്സ തയ്യാറായേക്കില്ല. ഇടതു വിങ്ങിൽ ഡെംബലയോടു മത്സരിക്കാനായിരിക്കും പോർച്ചുഗീസ് താരത്തിനു അവസരമുണ്ടാവുക. അതിൽ തിളങ്ങാനായാൽ പരിക്കിന്റെ പ്രശ്നങ്ങൾ മൂലം വലയുന്ന ഡെംബലയുടെ സ്ഥാനം ട്രിൻകാവോയുടെ കൈകളിൽ ഭദ്രമായിരിക്കും.