ടോട്ടനം താരത്തിന്റെ സഹോദരനെ കൊലപ്പെടുത്തി, ഫുട്ബോൾ ലോകം ഞെട്ടലിൽ

Image 3
FeaturedFootball

ടോട്ടനം ഹോസ്പർ താരമായ സെർജി ഓറിയറിന്റെ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി. ഫ്രാൻസിൽ നിന്നുള്ള വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയാറുകാരനായ ക്രിസ്റ്റഫെ ഓറിയർ ഇന്നു പുലർച്ചെ അഞ്ചു മണിക്കാണ് വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

വെടിയേറ്റ ക്രിസ്റ്റഫെ ആശുപത്രിയിൽ വച്ചാണു മരണമടഞ്ഞത്. കൊലപാതകി ഒളിവിലാണെന്നും അയാളെ സംബന്ധിച്ച യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശവാസികളാണ് സംഭവം പോലീസിനെ വിവരമറിയിച്ചത്.

ഫ്രഞ്ച് നഗരമായ ടുളുസെയിൽ വച്ചു നടന്ന സംഭവം ഒരു നൈറ്റ് ക്ലബിന്റെ പരിസരത്താണ് ഉണ്ടായത്. അതു കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൊലപാതകിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ഫ്രാൻസിലെ ഒരു ചെറിയ ക്ലബിനു വേണ്ടി സെർജി ഓറിയറുടെ സഹോദരൻ കളിക്കുന്നുണ്ട്. ഇന്നലെ ആഴ്സനലിനെതിരായ മത്സരത്തിൽ സെർജി കളിക്കാനിറങ്ങിയിരുന്നു. ഐവറി കോസ്റ്റ് നായകനായ സെർജി ഓറിയർ മുൻപ് പിഎസ്ജിക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.