കിരീടവിജയത്തിലും സന്തോഷിക്കാൻ വകയില്ല, റൊണാൾഡോയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നു

Image 3
FeaturedFootball

സീരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ സാംപ്ദോറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർത്തതോടെ ഇത്തവണത്തെ ഇറ്റാലിയൻ ലീഗ് കിരീടം യുവന്റസ് സ്വന്തമാക്കി. മത്സരത്തിൽ സൂപ്പർതാരം റൊണാൾഡോ ഒരു ഗോൾ നേടി വിജയത്തിന് അടിത്തറയിടുകയും ചെയ്തിരുന്നു. എന്നാൽ കിരീടനേട്ടത്തിലും റൊണാൾഡോക്ക് പൂർണമായും സന്തോഷിക്കാൻ വകയില്ലെന്നതാണ് സത്യം.

ഇന്നലത്തെ ഗോളോടെ ഈ സീസണിൽ മുപ്പത്തിയൊന്നു സീരി എ ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. മുപ്പത്തിനാലു ഗോളുകൾ നേടിയ ബയേൺ താരം ലെവൻഡോവ്സ്കിയെ മറികടന്ന് യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കാൻ രണ്ടു മത്സരങ്ങൾ ശേഷിക്കെ റൊണാൾഡോക്ക് അവസരമുണ്ടായിരുന്നു. എന്നാൽ ഇന്നലത്തോടെ താരത്തിന്റെ ആ സ്വപ്നവും തകർന്നിരിക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ലാസിയോ താരം ഇമ്മൊബൈൽ ഹാട്രിക്ക് നേടിയതോടെയാണ് റൊണാൾഡോയുടെ യൂറോപ്യൻ ഗോൾഡൻ ഷൂവിനുള്ള സാധ്യത മങ്ങിയത്. ഹെല്ലാസ് വെറോണക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ലാസിയോ വിജയിച്ച മത്സരത്തിലെ ഗോളുകളോടെ ഇമ്മൊബൈലിന്റെ ഗോളുകളുടെ എണ്ണം മുപ്പത്തിനാലായി. രണ്ടു മത്സരങ്ങൾ ശേഷിക്കെ ലെവൻഡോവ്സ്കിയെ മറികടക്കാനുള്ള സാധ്യതയും താരത്തിനുണ്ട്.

ഇന്നലത്തെ മത്സരത്തിൽ തന്റെ ഗോൾനേട്ടം മുപ്പത്തിരണ്ടാക്കാൻ റൊണാൾഡോക്ക് അവസരമുണ്ടായിരുന്നെങ്കിലും താരം എടുത്ത പെനാൽട്ടി ലക്ഷ്യം കണ്ടില്ല. എങ്കിലും ഇനിയും രണ്ടു മത്സരങ്ങൾ ശേഷിക്കെ താരം ഈ നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.