നല്ല പച്ചത്തെറി പറയണമെന്നുണ്ട്, കുല്‍ദീപിനെ പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് യാദവിനെ പുറത്തിരുക്കാനുളള ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. എന്തൊക്കെ സംഭവിച്ചാലും കുല്‍ദീപിനെ കളിപ്പിക്കേണ്ടിയിരുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടികാണിക്കുന്നു.

ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും ഗവാസ്‌ക്കര്‍ തുറന്നടിച്ചു. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌ക്കര്‍.

മാന്‍ ഓഫ് ദി മാച്ചായ ഒരു താരത്തെ തൊട്ടടുത്ത കളിയില്‍ ഒഴിവാക്കുക, ഇതു അവിശ്വസനീയം തന്നെയാണ്. അവിശ്വസനീയമെന്നതു വളരെ മാന്യമായ വാക്കാണ്. എനിക്കു കൂടുതല്‍ പരുഷമായ വാക്കുകള്‍ ഉപയോഗിക്കണമെന്നു ആഗ്രഹമുണ്ടെന്നും ഗവാസ്‌കര്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരേ തുറന്നടിച്ചു.

അതെസയം ഇക്കാര്യത്തെ കുറിച്ച് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്. ‘ഞങ്ങള്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവിനു പകരം ജയദേവ് ഉനാട്കട്ടിനെ ഇലവനിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. കുല്‍ദീപിനെ പുറത്ത് ഇരുത്തേണ്ടി വന്നത് ഞങ്ങളെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ തീരുമാനം തന്നെയാണ്. പക്ഷെ ഉനാട്കട്ടിനെ സംബന്ധിച്ച് ഇതൊരു അവസരമാണ്’.

ചിറ്റഗോങിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വമ്പന്‍ ജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു കുല്‍ദീപ് യാദവ് വഹിച്ചത്. ഒരു അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ എട്ട് വിക്കറ്റും നാല്‍പത് റണ്‍സുമായി കുല്‍ദിപ് നേടിയത്. 22 മാസങ്ങള്‍ക്കു ശേഷം താരം കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് കുല്‍ദീപ് ഗംഭീരമാക്കുകയും ചെയ്തു.

12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇടംകൈയന്‍ പേസര്‍ ഉനാട്കട്ട് ടെസ്റ്റ് ടീമില്‍ തിരികെയെത്തിയിരിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 10 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.

You Might Also Like