ഫുട്‌ബോള്‍ മതിയാക്കാന്‍ തീരുമാനിച്ചു,ഞാന്‍ പൊട്ടിക്കരഞ്ഞു, ഛേത്രിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

Image 3
Football

മോഹന്‍ ബഗാനുവേണ്ടി കളിക്കുമ്പോഴാണ് ഫുട്‌ബോള്‍ ജീവിതത്തില്‍ മറക്കാനാകാത്ത സമ്മര്‍ദ്ദം ഏറ്റുവാങ്ങിയതെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. സമ്മര്‍ദ്ദം താങ്ങാനാവാതെ താന്‍ പലവട്ടം പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും കളി മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സുനില്‍ ഛേത്രി വെളിപ്പെടുത്തുന്നു.

പതിനേഴാം വയസിലാണ് ബഗാനുവേണ്ടി കളിക്കാനിറങ്ങിയത്. ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം അവിടുത്തെ വെല്ലുവിളികള്‍ അതിജീവിക്കുക എന്നെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ആദ്യത്തെ വര്‍ഷം നല്ലരീതിയില്‍ പോയി. ഓരോ മത്സരത്തിലം 20-30 മിനിറ്റ് നേരമാണ് ഞാന്‍ ഗ്രൗണ്ടിലിറങ്ങിയത്. ആളുകള്‍ എന്നെ അടുത്ത ബൈച്ചുങ് ബൂട്ടിയ എന്ന് വിളിച്ചു തുടങ്ങിയിരുന്നു. പക്ഷെ കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് നിങ്ങളെ പലതും പഠിപ്പിക്കും- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡോട്ട് കോമിനോട് ഛേത്രി പറഞ്ഞു.

നമ്മള്‍ പരാജയപ്പെടുമ്പോള്‍ കാണികള്‍ രൂക്ഷമായി പ്രതികരിക്കും. കാരണം പരാജയത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാവില്ല. പലപ്പോഴും സമ്മര്‍ദ്ദം താങ്ങാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെപ്പോലെ ഒരുപാട് കളിക്കാര്‍ കളി തന്നെ മതിയാക്കി പോയിട്ടുണ്ട്. ഞാനും അത്തരത്തില്‍ ചിന്തിച്ചിരുന്നു. അച്ഛനെ വിളിച്ച് എന്നെക്കൊണ്ട് ഇതിന് കഴിയില്ല, മതിയാക്കുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം നല്‍കിയ പിന്തുണയിലാണ് ഫുട്‌ബോളില്‍ തുടര്‍ന്നത്’ ചേത്രി പറയുന്നു.

എന്റെ അച്ഛന്‍ ഇടക്കിടെ എന്റെ കൂടെ വന്ന് കുറച്ച് ദിവസം താമസിക്കും. ഞങ്ങള്‍ കുറേ സംസാരിക്കും. അതോടെ കാര്യങ്ങള്‍ കുറേയൊക്കെ മെച്ചപ്പെടാന്‍ തുടങ്ങി. കുട്ടിക്കാലത്ത് എല്ലാവിധ കളികളിലും ഞാന്‍ സജീവമായിരുന്നു. അമ്മയായിരുന്നു ചൈനീസ് ചെക്കേഴ്‌സില്‍ എന്റെ പ്രധാന എതിരാളി. ചൈനീസ് ചെക്കേഴ്‌സിന് പുറമെ കാരം ബോര്‍ഡ്, ചെസ്, വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഗുസ്തി അങ്ങനെ എല്ലാ കളികളിലും സജീവമായിരുന്നത് എനിക്ക് പിന്നീട് ഏറെ ഗുണകരമായി.

2005ല്‍ ഇന്ത്യക്കായി അരങ്ങേറിയ കാലത്ത് മികച്ച ഒരുപിടി താരങ്ങളുണ്ടായിരുന്നു ടീമില്‍. ബൈച്ചുങ് ബൂട്ടിയ, മഹേഷ് ഗാവ്ലി, ദീപക് മൊണ്ഡാല്‍, റെഡനി സിംഗ്, സമീര്‍ നായിക്, സുര്‍കുമാര്‍ സിംഗ്, ക്ലൈമാസ്‌ക് ലോറന്‍സ് അങ്ങനെ നിരവിധി പേര്‍. എല്ലാവരും എന്നെ അകമഴിഞ്ഞു പിന്തുണച്ചു. എനിക്ക് സ്‌കോറിംഗിനുളള അവസരം ഒരുക്കിത്തന്നു. ഞാന്‍ ഗോളടിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. ഇപ്പോഴത്തെ ടീമിലുള്ളവരും അത് തുടരുന്നുവെന്നും 35കാരനായ ഛേത്രി പറഞ്ഞു.