ബാഴ്‌സക്ക് ഇത് വൻ തിരിച്ചടി, യുവന്റസിലേക്കുള്ള ട്രാൻസ്ഫർ ഉപേക്ഷിച്ച് ലൂയിസ് സുവാരസ്

ബാഴ്സയുടെ പ്രതീക്ഷകളെ തകിടംമറിച്ചിരിക്കുകയാണ്‌ സൂപ്പർതാരം ലൂയിസ് സുവാരസിന്റെ ട്രാൻസ്ഫർ വഴിത്തിരിവ്. യുവന്റസുമായുള്ള കരാർ സുവാരസ് ഉപേക്ഷിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ . ഇറ്റാലിയൻ പാസ്പോർട്ട്‌ കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് സുവാരസ് യുവന്റസിലേക്കുള്ള ട്രാൻഫറിൽ നിന്നും പിന്തിരിയാനുള്ള പ്രധാനകാരണം.

കാറ്റാലൻ മാധ്യമമായ റാക് വണ്ണിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ പാസ്പോർട്ട്‌ കിട്ടുന്നതിനുള്ള അവസാനതീയതി ട്രാൻഫർ ജാലകം അടക്കുന്ന ദിവസമായ ഒക്ടോബർ ആറിനേക്കാൾ നീണ്ടുപോകുമെന്നുള്ളതാണ് പ്രശ്നം. ആ തീയതി തന്നെയാണ് യുവന്റസിന് ചാമ്പ്യൻസ് ലീഗിൽ കളിക്കേണ്ട താരങ്ങളുടെ ലിസ്റ്റ് കൊടുക്കേണ്ട അവസാനതീയതിയെന്നതും ഈ തീരുമാനത്തിന് കാരണമായി.

പ്യാനിച്ചിന്റെ ബാഴ്സയിലെ അവതരണവേളയിൽ സുവാരസിന്റെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ അഭിപ്രായം നൽകാൻ ബാഴ്‌സലോണയുടെ ടെക്നിക്കൽ സെക്രട്ടറിയായ റാമോസ് പ്ലാനെസും തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. പ്ലാനെസ് പറയുന്നു: “സുവാരസ് എക്കാലത്തെയും ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണ്. മുൻപൊരിക്കൽ ഞാൻ പറഞ്ഞത് പോലെ തന്നെ ബാഴ്‌സക്ക് വേണ്ടി എല്ലാം നൽകിയ താരങ്ങൾക്ക് ഞങ്ങൾക്ക് ആദരവും ബഹുമാനവും നൽകേണ്ടതുണ്ട്. സീസണിന്റെ അവസാനം സംഭവിച്ചതെന്തെന്നു നമ്മൾ എല്ലാവരും കണ്ടതല്ലേ. ഞങ്ങൾ ഒരു മാറ്റത്തിന്റെ വഴിയിലാണുള്ളത്.”

“പുതിയ പരിശീലകനും പുതിയ ആശയങ്ങളുമായി ഞങ്ങൾ അതിനുള്ള പരിശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്. താരങ്ങളെയും അവരുടെ കരാറിനെയും ബഹുമാനിക്കേണ്ടതുണ്ട്. വിപണി ഒക്ടോബർ 5നാണ് അവസാനിക്കുന്നത്. എന്തുവേണമെങ്കിലും സംഭവിക്കാം. പക്ഷെ അത് ക്ലബിനെയും താരങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ളതാവുമെന്നു മാത്രം.” റാമോസ് പ്ലാനെസ് അഭിപ്രായപ്പെട്ടു. ഇന്നു നടക്കുന്ന ജിറോണയുമായുള്ള മത്സരത്തിൽ സുവാരസിനെ കൂമാൻ ഇറക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. താരങ്ങളെ വിൽക്കാൻ സാധിക്കാത്തതിനാൽ മെംഫിസ് ഡീപേ ട്രാൻസ്ഫറും സ്തംഭനാവസ്ഥയിലാണ്.

You Might Also Like