തീതുപ്പി വീണ്ടും ശ്രീ, പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനം

Image 3
CricketIPL

വിലക്ക് മാറി തിരിച്ചെത്തിയ ശ്രീശാന്ത് പരിശീലനത്തിനിറങ്ങിയപ്പോള്‍ പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനമെന്ന് റിപ്പോര്‍ട്ട്. നെറ്റ്‌സിലാണ് വിലക്ക് സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം തകര്‍ത്തെറിയുന്ന പ്രകടനം മുന്‍ ഇന്ത്യന്‍ താരം കാഴ്ച്ചവെച്ചത്. തന്റെ പഴയ വജ്രായുധമായ യോര്‍ക്കറുകളെല്ലാം ശ്രീശാന്ത് യദേഷ്ടം പുറത്തെടുത്തെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ചില വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചത്. ഇതോടെ ഇനിയുളള ദിവസങ്ങളില്‍ ശ്രീശാന്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റുകളും ഇനി കളിക്കാം.

അതെസമയം ഫിറ്റ്‌നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ശ്രീശാന്ത് ലക്ഷ്യമിടുന്നത്. കേരള ക്രിക്കറ്റ് ടീം പരിശീലകനായ ടിനു യോഹന്നാനും ശ്രീശാന്തിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ശ്രീശാന്ത് അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ദേശീയ ടീമിലേക്ക് ഒരിക്കല്‍കൂടി തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര സീസണ്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടി ദേശീയ സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ശ്രീയുടെ ലക്ഷ്യം.

ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി താരത്തെ വെറുതേ വിട്ടുവെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് മാറ്റുവാന്‍ തയ്യാറായിരുന്നില്ല. ഏറെ നാളത്തെ നിയമനടപടിയ്ക്ക് ശേഷമാണ് സുപ്രീം കോടതി താരത്തിന്റെ വിലക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിക്കുമെന്ന് അറിയിച്ചത്.