2023ല്‍ പ്രതീക്ഷയോടെ കായികലോകം; ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുതല്‍ ഏഷ്യന്‍ ഗെയിംസ് വരെ

ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പും ഓസ്‌ട്രേലിയയില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും നടന്നവര്‍ഷമായിരുന്നു 2022. പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കായികലോകത്ത് ഒട്ടേറെ പ്രധാന ടൂര്‍ണമെന്റുകളാണ് കാത്തിരിക്കുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഐ.എസ്.എല്‍, ഐ.പി.എല്‍, ചാമ്പ്യന്‍സ് ലീഗ്, രാജ്യങ്ങളിലെ വിവിധ ലീഗ് മത്സരങ്ങള്‍ എന്നിവക്ക് പുറമെ സുപ്രധാന പോരാട്ടങ്ങള്‍ക്കും ഈവര്‍ഷം വേദിയാകും.

ക്രിക്കറ്റ് പ്രേമികള്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഈവര്‍ഷം നടക്കും. ഒക്ടബോറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിശ്വകപ്പ് ഇന്ത്യന്‍ ടീമിലെ തലമുറമാറ്റത്തിന് കൂടിയാണ് ഇടയാക്കുക. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളുടെ അവസാന ലോകകപ്പാകുമിത്. നിലവില്‍ ഇംഗ്ലണ്ടാണ് ഏകദിന,ട്വന്റി 20 ലോകചാമ്പ്യന്‍. ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ഇംഗ്ലണ്ട് ഏകദിനകിരീടത്തില്‍ മുത്തമിട്ടത്. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെത്തിയപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ സംഘം ചാമ്പ്യന്‍മാരായിരുന്നു.
2022ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് ഈ വര്‍ഷംനടക്കാനിടയുണ്ട്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ചൈനീസ് നഗരമായ ഹാങചൗആണ് ആതിഥ്യം വഹിക്കുക. അതേസമയം, ചൈനയില്‍ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണംവര്‍ധിക്കുന്നതായി കണക്കുകള്‍ വരുന്നത് ആശങ്കസൃഷ്ടിക്കുന്നു.

ഇങ്ങനെവന്നാല്‍ ഏഷ്യന്‍ ഗെയിംസ് ഉപേക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വനിതകളുടെ ട്വന്റി 20 ലോകകപ്പ് 2023 കലണ്ടര്‍ വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. അടുത്തമാസം പത്തമുതല്‍ 26വരെ ദക്ഷിണാഫ്രിക്കയിലാണ് അരങ്ങേറുക. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ബി.സി.സി.ഐ തുല്യവേതനം നടപ്പിലാക്കിയ ശേഷം നടക്കുന്ന ആദ്യ വലിയടൂര്‍ണമെന്റാണ്. കിരീടംനേടാന്‍ ഇന്ത്യക്ക് വലിയ സാധ്യതയാണ് കല്‍പിക്കുന്നത്. വനിതകളുടെ ഫുട്‌ബോള്‍ ലോകകപ്പും ഈവര്‍ഷം വരാനിരിക്കുന്നു. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ഹോക്കി ലോകകപ്പാണ് ഈവര്‍ഷം നടക്കുന്ന മറ്റൊരു പ്രധാന കായികഇവന്റ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 മുതല്‍ ഒഡീഷയിലാണ് നടക്കുക. മലയാളിതാരം പി.ആര്‍ ശ്രീജേഷ് അടക്കമുള്ളവര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീം പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രധാന മത്സരമായ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങളും 2023ലുണ്ടാകും. ഇത്തവണ സൗദി അറേബ്യയാണ് ഫൈനല്‍ റൗണ്ടിന് വേദിയാകുക.

You Might Also Like